ശ്രീനഗർ : പാകിസ്താൻ തീവ്രവാദത്തിന് പിന്തുണ നൽകുന്നത് നിർത്തുകയാണങ്കിൽ അവരുമായി ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആരാണ് ആഗ്രഹിക്കാത്തത് എന്ന് അദ്ദേഹം ചോദിച്ചു. റംബാൻ ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്.
‘പാകിസ്താൻ തീവ്രവാദത്തിന് പിന്തുണ നൽകുന്നത് നിർത്തുക, അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആരാണ് ആഗ്രഹിക്കാത്തത്? കാരണം ഒരു സുഹൃത്തിനെ മാറ്റാൻ കഴിയും, എന്നാൽ നിങ്ങളുടെ അയൽക്കാരനെ മാറ്റാൻ കഴിയില്ലെന്ന യാഥാർത്ഥ്യം എനിക്കറിയാം. ഞങ്ങൾക്ക് പാകിസ്താനുമായി മെച്ചപ്പെട്ട ബന്ധം വേണം. എന്നാൽ ആദ്യം അവർ തീവ്രവാദം അവസാനിപ്പിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
ഭീകരരാൽ കൊല്ലപ്പെടുന്ന 85 ശതമാനം പേരും മുസ്ലീങ്ങളാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. കൂടാതെ പാക് അധിനിവേശ കശ്മീരിലെ ആളുകളെ ഇന്ത്യയുമായി കൂട്ടിച്ചേർക്കുന്നതിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു. നമ്മുടെ ഗവൺമെന്റ് ആർട്ടിക്കിൾ 370 റദ്ദാക്കി. ജമ്മു കശ്മീർ കത്തിക്കുമെന്ന് പലരും മുന്നറിയിപ്പ് നൽകി. ഞങ്ങൾ തീരുമാനവുമായി മുന്നോട്ട് പോയി അത് നീക്കം ചെയ്തു. ഒരു വെടിയുണ്ട പോലും ഉതിർത്തില്ല. അത് പുനഃസ്ഥാപിക്കാൻ ആർക്കും ധൈര്യമില്ല. ബി.ജെ.പി ഉള്ളത് വരെ ഭൂമിയിലെ ഒരു ശക്തിക്കും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
Discussion about this post