കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ വലിയൊരു ഷോപ്പിംഗ് മാൾ പദ്ധതി കൂടി മനസ്സിലുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഞായറാഴ്ച കോഴിക്കോട് മാവൂർ റോഡിന് സമീപം നിർമ്മിച്ച ലുലു മാളിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുമ്പോൾ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ നിർമ്മിച്ചിരിക്കുന്ന ലുലു മാൾ ചെറിയൊരു പദ്ധതിയാണെന്നും കൊച്ചിയിലെയും തിരുവനന്തപുരത്തെയും സമാനമായി കോഴിക്കോടും വലിയൊരു ഷോപ്പിംഗ് മാൾ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും എം എ യൂസഫലി അറിയിച്ചു.
മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും നാടായ കോഴിക്കോട് എല്ലാവരുടെയും സഹകരണത്തോടുകൂടിയാണ് ലുലുമാൾ നിർമ്മിച്ചിരിക്കുന്നത്. വാണിജ്യരംഗത്ത് പഴയ കാലം മുതൽ പ്രസിദ്ധമാണ് കോഴിക്കോട്. കോഴിക്കോടിനെ ആധുനികരിക്കേണ്ടത് ആവശ്യമാണെന്നും അതിൽ തന്റെ പങ്കാളിത്തം ഉറപ്പാക്കും എന്നും എം എ യൂസഫലി അറിയിച്ചു.
കോഴിക്കോട് ഒരു വാണിജ്യ നഗരം ആണെങ്കിലും അതൊരു പ്ലാൻഡ് സിറ്റി അല്ല. അതിനാൽ തന്നെ ആധുനികകാലത്ത് കോഴിക്കോടിനെ ഒരു പ്ലാൻഡ് സിറ്റി ആക്കി മാറ്റേണ്ടത് നാം എല്ലാവരുടെയും ഉത്തരവാദിത്വമാണ്. അതിന്റെ അടിസ്ഥാന വികസനത്തിന് എല്ലാ സഹായവും ചെയ്യാൻ തയ്യാർ ആണെന്നും എം എ യൂസഫലി വ്യക്തമാക്കി. കോഴിക്കോട് മാവൂർ റോഡിന് സമീപം മാങ്കാവിൽ രണ്ട് ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളിലായാണ് പുതിയ ലുലു മാൾ നിർമ്മിച്ചിരിക്കുന്നത്.
Discussion about this post