ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള ഭയം നഷ്ടമായി എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ടെക്‌സസിൽ ഇന്ത്യൻപൗരന്മാരെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇതിന് തെളിവാണ് എന്നും രാഹുൽ പറഞ്ഞു.
2024 ലെ ലോക്‌സഭാ ഫലം വ്യക്തമാക്കുന്നത് നരേന്ദ്ര മോദിയുടെ മേൽ ജനങ്ങൾക്കുണ്ടായിരുന്ന ഭയം പോയി എന്നാണ്. ബിജെപിയോടുണ്ടായിരുന്ന ഭയവും ആളുകൾക്ക് ഇപ്പോൾ ഇല്ല. തിരഞ്ഞെടുപ്പ് ഫലം വന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ ഇക്കാര്യം തങ്ങൾക്ക് വ്യക്തമായത് ആണ്. ഇന്ന് ആരും പ്രധാനമന്ത്രിയെയോ ബിജെപിയെയോ ഭയക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഇക്കുറി നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേട്ടത്തെ കേവലം വിജയം മാത്രമായി കാണാൻ സാധിക്കുകയില്ല. മറിച്ച് ഇന്ത്യയിലെ ജനങ്ങളുടെ മനസ്സാണ് പ്രതിഫലിച്ചത് എന്നും രാഹുൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി അമേരിക്കയിൽ എത്തിയത്. ത്രിദിന സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് അമേരിക്കൻ യാത്ര. ഇന്ത്യയും അമേരിക്കയുമായുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടിയാണ് തന്റെ യാത്ര എന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
Discussion about this post