ലക്‌നൗ: റെയിൽ വേ ട്രാക്കിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഇടിച്ച് തെറിപ്പിച്ച് ട്രെയിൻ. ഉത്തർപ്രദേശിലാണ് സംഭവം. പ്രയാഗ്‌രാജിൽ നിന്നും ഹരിയാനയിലെ ഭിവാനിയിലേക്ക് പോവുകയായിരുന്ന കാളിന്ദി എക്‌സ്പ്രസ് ആണ് ട്രാക്കിൽ ഉണ്ടായിരുന്ന സിലിണ്ടറിലേക്ക് ഇടിച്ചു കയറിയത്. ട്രെയിൻ ഇടിച്ചതിന്റെ ആഘാതത്തിൽ സിലിണ്ടർ 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ച് വീണു. വന ദുരന്തമാണ് ഒഴിവായത്.
കാൺപൂർ- കാസ്ഗഞ്ച് റൂട്ടിൽ ബർരാജ്പൂരിനും ബിൽഹൗസിനും ഇടയിലുള്ള മുണ്ടേരി ഗ്രാമത്തിലൂടെ പോവുന്ന ട്രാക്കിലാണ് ഗ്യാസ് സിലിണ്ടർ വച്ചിരുന്നത്. ട്രെയിനിലെ അധികൃതർ റെയിൽവേ അധികൃതരെ വിവരം അറിയിച്ചു. അവർ നടത്തിയ പരിശോധനയിലാണ് 50 മീറ്റർ ദൂരത്ത് നിന്നും സിലിണ്ടർ കണ്ടെത്തിയത്. ആരാണ് സിലിണ്ടർ കൊണ്ട് വന്നു വച്ചതെന്ന് വ്യക്തമല്ല. ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് നിഗമനം. സംഭവത്തിൽ ഭീകരവിരുദ്ധ സ്‌ക്വാഡും ആർപിഎഫ്, ജിആർപി സംഘങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. പാളത്തിൽ വച്ചിരിക്കുന്ന സിലിണ്ടർ ട്രെയിനിലെ ലോക്കോപൈലറ്റ് കണ്ടിരുന്നെങ്കിലും ട്രെയിൻ നിർത്താൻ കഴിയാതെ വന്നതോടെ, സിലിണ്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ട്രെയിൻ നിർത്തി. പിന്നാലെ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിൽ സമീപത്ത് നിന്നും സിലിണ്ടർ കണ്ടെത്തി. ഇതിനോടൊപ്പം മറ്റ് ചില വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
സംഭവം ആശങ്കാജനകമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് സംശയികക്കുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടനെ തന്നെ പ്രതിയെ കണ്ടെത്തുകയും തക്ക ശിക്ഷ നൽകുകയും ചെയ്യും. സംഭവത്തിൽ അട്ടിമറി ശ്രമം ഉണ്ടായിട്ടുണ്ടോ എന്നതിനെ കുറിച്ചും പോലീസ് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post