ന്യൂഡൽഹി : അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വിദിന സന്ദർശനത്തിനാണ് അബുദാബി കിരീടാവകാശി ഇന്ത്യയിൽ എത്തിയിരിക്കുന്നത്. വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യയിലെത്തിയിരിക്കുന്നത്. ഷെയ്ഖ് ഖാലിദിനെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തെ ‘അടുത്ത സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ചാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) ഏഴ് എമിറേറ്റുകളിലൊന്നായ അബുദാബിയുടെ കിരീടാവകാശി എന്ന നിലയിൽ അൽ നഹ്യാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. യുഎഇ സർക്കാരിലെ നിരവധി മന്ത്രിമാരും ഒരു ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.
വൈകീട്ട് 3.30 ന് രാഷ്ട്പതിയായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച മുംബൈയിൽ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന്റെ മടക്കം. ഇരുരാജ്യങ്ങളിലെയും ബിനിനസ് പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
2015 ആഗസ്റ്റിൽ പ്രധാനമന്ത്രി മോദി അറബ് രാഷ്ട്രം സന്ദർശിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമഗ്രമായും തന്ത്രപരമായും ഉയർന്നിരുന്നു. ഇന്ത്യയും യുഎഇയും ചരിത്രപരമായും സൗഹൃദപരവുമായും ബന്ധങ്ങൾ പങ്കിടുന്നു. രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, ഊർജ്ജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്.
2022 ഫെബ്രുവരിയിൽ, ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പുവച്ചിരുന്നു. തുടർന്ന് ഇന്ത്യൻ രൂപയും യുഎഇ ദിർഹവും (എഇഡി) ഉപയോഗിച്ച് അതിർത്തി കടന്നുള്ള ഇടപാടുകൾ സുഗമമാക്കുന്നതിന് 2023 ജൂലൈയിൽ ലോക്കൽ കറൻസി സെറ്റിൽമെന്റ് (എൽസിഎസ്) സംവിധാനം ഏർപ്പെടുത്തി.
ഔദ്യോഗിക കണക്കുകൾ പ്രകാരം, 2022-23ൽ ഉഭയകക്ഷി വ്യാപാരം ഏകദേശം 85 ബില്യൺ ഡോളറിലെത്തി. ഇരു രാജ്യങ്ങളും പരസ്പരം മികച്ച വ്യാപാര പങ്കാളികളായി തുടരുന്നു . ഇതേ കാലയളവിൽ ഇന്ത്യയിലെ നേരിട്ടുള്ള നാല് വിദേശ നിക്ഷേപകരിൽ യുഎഇയും ഉൾപ്പെടുന്നു.
Discussion about this post