ഇന്ത്യ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം. ഓപ്പറേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നിയന്ത്രണരേഖയ്ക്ക് (എൽഒസി) സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുത നിലയം ലക്ഷ്യംവച്ച് പാകിസ്താൻ ആക്രമണം നടത്തിയെന്നും ശ്രമം പരാജയപ്പെടുത്തിയെന്നും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നുമാണ് സേന വ്യക്തമാക്കിയിരിക്കുന്നത്. അന്ന് ഉറി ജലവൈദ്യുത നിലയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 19 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് അവാർഡ് നൽകുന്ന പശ്ചാത്തലത്തിലാണ് സേന ഇക്കാര്യം വെളിപ്പെടുത്തിയത്.
വലിയ വേദനയ്ക്കും അപമാനത്തിനും നാശനഷ്ടങ്ങൾക്കും കാരണമായേക്കാവുന്ന ആക്രമണത്തെ സെെന്യം നേരിട്ടതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. മെയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് പാകിസ്താനുള്ളിലെ ഒമ്പത് ഭീകര ക്യാമ്പുകൾ നശിപ്പിച്ചു. ഇതിന് മണിക്കൂറുകൾക്ക് പിന്നാലെ പാകിസ്താൻ ജമ്മു കശ്മീരിലെ ഉറി ജലവൈദ്യുത പദ്ധതികളെ ലക്ഷ്യം വയ്ക്കുകയായിരുന്നു എന്നിരുന്നാലും, സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ഒരു ചെറിയ സംഘത്തിൻ്റെ ഇടപെടൽ ഒരു വലിയ ദുരന്തത്തെ ഒരു ആശ്വാസ കഥയാക്കി മാറ്റി.
ഓപ്പറേഷൻ സിന്ദൂരിൻ്റെ സമയത്ത്, ഉറി പ്ലാന്റിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് ഉയർന്ന ജാഗ്രത പാലിക്കുകയും ലൈറ്റുകൾ ഓഫ് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.മണിക്കൂറുകൾക്ക് ശേഷം, നിയന്ത്രണരേഖയിൽ ഉടനീളം പാകിസ്താൻ ഷെല്ലാക്രമണവും ഡ്രോൺ ആക്രമണവും നടത്തി. ബാരാമുള്ള ജില്ലയിലെ ഝലം നദിയിൽ സ്ഥിതി ചെയ്യുന്ന ഉറി ജലവൈദ്യുത നിലയമായിരുന്നു പ്രധാന ലക്ഷ്യം. നിയന്ത്രണ രേഖയ്ക്ക് തൊട്ടടുത്താണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പ്ലാന്റ് മാത്രമല്ല, സമീപത്തുള്ള സാധാരണ ജനങ്ങളും ഭീഷണിയിലായിരുന്നു.
കമാൻഡന്റ് രവി യാദവിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമാൻഡന്റ് മനോഹർ സിംഗ്, അസിസ്റ്റന്റ് കമാൻഡന്റ് സുഭാഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 19 അംഗ സിഐഎസ്എഫ് സംഘം എന്നാൽ പിന്മാറിയില്ല.ഇവർ ഡ്രോണുകളെ നിർവീര്യമാക്കുക മാത്രമല്ല, പ്രദേശത്ത് വലിയൊരു ഒഴിപ്പിക്കൽ പ്രവർത്തനവും നടത്തി.ഉറി II പദ്ധതിയുടെ പ്രധാന കവാടത്തിന് സമീപം ഞങ്ങളുടെ ഉദ്യോഗസ്ഥർ ശത്രു ഡ്രോണുകളെ തടഞ്ഞുനിർത്തി വെടിവച്ചുവീഴ്ത്തി. വലിയ ഡ്രോണുകളെ ഞങ്ങളുടെ സഹോദര ഏജൻസികൾ നിർവീര്യമാക്കി. അവരുടെ ഡ്രോണുകളൊന്നും പ്ലാന്റിൽ കേടുപാടുകൾ വരുത്തിയില്ല,” അവാർഡ് ലഭിച്ചവരിൽ ഒരാളായ എഎസ്ഐ ഗുർജീത് സിംഗ് പറയുന്നു.
പാകിസ്താൻ്റെ ഷെല്ലുകൾ സമീപത്തെ റെസിഡൻഷ്യൽ കോംപ്ലക്സുകളിലേക്ക് പതിച്ചപ്പോൾ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ വീടുതോറും കയറി 250 സിവിലിയന്മാരെയും നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷന്റെ (എൻ.എച്ച്.പി.സി) ജീവനക്കാരെയും ഒഴിപ്പിച്ചു. അവരെ സുരക്ഷിതമായി ബങ്കറുകളിലേക്ക് മാറ്റി. മൊത്തത്തിൽ, ആളപായമൊന്നും ഉണ്ടായില്ല. “എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഗാഢനിദ്രയിലായിരുന്ന കുടുംബങ്ങളെ ഉണർത്തുക എന്നതായിരുന്നു ഒരേയൊരു ബുദ്ധിമുട്ടെന്ന് എഎസ്ഐ ഗുർജീത് സിംഗ് കൂട്ടിച്ചേർത്തു
മുഴുവൻ സമയവും, ഉപഗ്രഹ അധിഷ്ഠിത ആശയവിനിമയ സംവിധാനമായ POLNET വഴിയാണ് ഉദ്യോഗസ്ഥർ ആശയവിനിമയം നിലനിർത്തിയത്. ഉദ്യോഗസ്ഥർ ഭീഷണി, തത്സമയവിശകലനം നടത്തി, ബങ്കറുകൾ ശക്തിപ്പെടുത്തി, നിർണായക ആശയവിനിമയങ്ങൾ നിലനിർത്തി, ശത്രുതാപരമായ ഡ്രോണുകൾ നിർവീര്യമാക്കി എന്ന് സിഐഎസ്എഫ് വ്യക്തമാക്കുന്നു. “തീവ്രമായ അതിർത്തി ഷെല്ലാക്രമണങ്ങൾക്കിടയിൽ, ഉറി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകളിലെ സിഐഎസ്എഫ് സംഘങ്ങൾ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചു, സ്വന്തം ജീവന് ഉയർന്ന അപകടസാധ്യത ഉണ്ടായിരുന്നിട്ടും, രാജ്യത്തെ സംരക്ഷിക്കുകയും 250 സാധാരണക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു,” പ്രസ്താവനയിൽ പറഞ്ഞു.













Discussion about this post