ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിക്ക് ശേഷം തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞു. ഭാവി തീരുമാനിക്കാൻ ബിസിസിഐക്ക് അവകാശം ഉണ്ടെന്നും എന്നാൽ തന്റെ കാലയളവിലെ ടീം നേടിയ വിജയങ്ങൾ ആരും മറക്കാൻ പാടില്ല എന്നും ഗംഭീർ ഓർമിപ്പിച്ചു.
ഇന്ന് സമാപിച്ച രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് 408 റൺസിന് പരാജയപ്പെട്ടതിനെ തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മുൻ താരം. ആദ്യ മത്സരത്തിൽ 30 റൺസിന്റെ തോൽവി നേരിട്ട ഇന്ത്യ രണ്ടാം ടെസ്റ്റിൽ 408 റൺസിന്റെ കൂറ്റൻ തോൽവിയാണ് നേരിട്ടത്. കഴിഞ്ഞ വർഷം കിവി പരമ്പരയിൽ വൈറ്റ് വാഷായ ഇന്ത്യ ഇപ്പോഴിതാ മറ്റൊരു നാണക്കേടിന്റെ ഭാഗമായി.
“എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. പക്ഷേ ഇംഗ്ലണ്ടിൽ നിങ്ങൾക്ക് ഫലങ്ങൾ നൽകിയതും ചാമ്പ്യൻസ് ട്രോഫിയിൽ പരിശീലകനായിരുന്നതും ഏഷ്യ കപ്പിൽ പരിശീലകനായതും ഞാൻ തന്നെയാണ്,” ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കിരീട നേട്ടത്തെയും ഈ വർഷം ആദ്യം ഇംഗ്ലണ്ടിനെതിരെ അവരുടെ സ്വന്തം ഗ്രൗണ്ടിൽ 2-2 ന് സമനില വഴങ്ങിയതിനെയും പരാമർശിച്ച് ഗംഭീർ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
“കുറ്റം എല്ലാവരുടേതുമാണ്, എന്നിൽ നിന്നാണ് തുടങ്ങുന്നത്,” 0-2 ന് പരാജയപ്പെട്ടതിന് ശേഷമുള്ള തന്റെ ആദ്യ പ്രതികരണങ്ങളിൽ അദ്ദേഹം സമ്മതിച്ചു.
“നമ്മൾ നന്നായി കളിക്കേണ്ടതുണ്ട്. 95/1 എന്ന നിലയിൽ നിന്നിട്ട് 122/7 പോകുന്നതിനെ ന്യായീകരിക്കാനാകില്ല. ഒരു വ്യക്തിയെയോ ഏതെങ്കിലും പ്രത്യേക ഷോട്ടിനെയോ നിങ്ങൾ കുറ്റപ്പെടുത്തരുത്. എല്ലാവരെയും കുറ്റപ്പെടുത്തണം. ഞാൻ ഒരിക്കലും വ്യക്തികളെ കുറ്റപ്പെടുത്തിയിട്ടില്ല, ഇനിയും അത് ചെയ്യില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഗംഭീറിന് കീഴിൽ, ഇന്ത്യ 18 ടെസ്റ്റുകളിൽ 10 എണ്ണത്തിലും ഇന്ത്യ തോറ്റു എന്നതാണ് ഏറ്റവും സങ്കടകരം.













Discussion about this post