ന്യൂഡൽഹി: നിരവധി കപ്പലുകളും വിമാനങ്ങളും വിഴുങ്ങിയ ബർമൂഡ ട്രയാംഗിളിനെക്കുറിച്ച് ഏവരും കേട്ടുകാണും. അടിക്കടി ബർമൂഡ ട്രയാംഗിളിന്റെ നിഗൂഢത സംബന്ധിച്ച ഊഹാപോഹങ്ങൾ വാർത്തയാകാറുമുണ്ട്. എന്തുകൊണ്ടാണ് ഈ പ്രദേശത്ത് കൂടി കടന്നു പോകുന്ന കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമാകുന്നത് എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ബർമൂഡട്രയാംഗിൾ പോലെ നിഗൂഢമായ മറ്റൊരു സ്ഥലം കൂടി ഭൂമിയിൽ ഉണ്ട്. അമേരിക്കയിലെ അലാസ്‌ക ട്രയാംഗിളാണ് ഇത്. ഏകദേശം 20,000 ത്തോളം ആളുകളാണ് ഇവിടെ നിന്നും അപ്രത്യക്ഷരായത്.
1972 ലാണ് അലാസ്‌കയുടെ വടക്കേ തീരത്തുള്ള ഉട്ട്കിയാവിക് നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന അലാസ്‌ക ട്രയാംഗിൾ ആദ്യമായി ലോകശ്രദ്ധയാകർഷിച്ചത്. 1972 ഒക്ടോബർ 16 ന് യുഎസ് ജനപ്രതിനിധി സഭാംഗങ്ങളായ തോമസ് ഹെയ്ൽ ബോഗ്‌സ് സീനിയർ, നിക്ക് ബെഗിച്ച് എന്നിവർ സഞ്ചരിച്ച വിമാനം ഇവിടെ നിന്നും അപ്രത്യക്ഷമായി. ഇതുമായി ബന്ധപ്പെട്ട് ഊർജ്ജിതമായി അന്വേഷണം നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. എന്തിന് ഇവരുടെ മൃതദേഹങ്ങൾ പോലും കണ്ടുകിട്ടിയില്ല. ഇതിന് ശേഷം ഇവിടേയ്ക്ക് വേട്ടയാടാൻ എത്തിയ 25 കാരനായ ഗാരി ഫ്രാങ്ക് സതർഡെനെയും കാണാതെ ആകുകയായിരുന്നു. 20 വർഷങ്ങൾക്ക് ശേഷം അലാസ്‌കയിലെ പോർക്യൂപൈൻ നദിയുടെ തീരത്ത് നിന്നും ഒരു തലയോട്ടി ലഭിച്ചു. ഇത് പിന്നീട് സതർഡെന്റെ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് ശേഷവും ഇവിടെയെത്തിയ ആളുകൾ അപ്രത്യക്ഷരാകാൻ തുടങ്ങി. ഇങ്ങിനെ 20,000 പേരെയാണ് ഇവിടെ നിന്നും കാണാതെ ആയത്.
തിരോധാനങ്ങൾ തുടർക്കഥയായതോടെ പ്രദേശത്ത് നിഗൂഢതകൾ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. ഇതോടെ ഇതുമായി ബന്ധപ്പെട്ട പല സിദ്ധാന്തങ്ങളും പ്രചരിച്ചു. അലാസ്‌ക ട്രയാംഗിളിന്റെ ഭൂപ്രകൃതിയാകാം തുടർച്ചയായ നിരോധാനങ്ങൾക്ക് പിന്നിൽ എന്നാണ് സൂചന. അസാധാരണമായ കാന്തിക പ്രവർത്തനം ആണ് ഇതിന് പിന്നിൽ എന്ന സംശയവും ഉയർത്തുന്നുണ്ട്. അന്യഗ്രഹ ജീവികളുടെ വാസസ്ഥലമാണ് ഇതെന്നും ചിലർ വാദിക്കുന്നു.
Discussion about this post