ന്യൂഡൽഹി: ബാങ്കുകളിൽ നിന്നും വൻതുക വായ്പ്പയെടുത്ത് തിരിച്ചടക്കാതെ ഒളിവിൽ പോയ വ്യവസായികളിൽ നിന്നും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് മുങ്ങിയ വിവാദ മദ്യ വ്യവാസായി വിജയ് മല്യ, വജ്ര വ്യാപാരിയായ നീരവ് മോദി എന്നിവരുടേതുൾപ്പെടെ 16,400 കോടി രൂപയുടെ സ്വത്താണ് ഇഡി ബാങ്കുകൾക്ക് കൈമാറിയത്. പണം തിരിമറി തടയൽ നിയമപ്രകാരം കണ്ടുകെട്ടിയ സ്വത്തുക്കളാണ് ഇവ.
സാമ്പത്തിക കുറ്റവാളിയും മദ്യ വ്യവാസായിയുമായ വിജയ് മല്യ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് 14,131 കോടി രൂപയുടെ ആസ്തി പുനഃസ്ഥാപിച്ചു. വജ്ര വ്യാപാരിയായ നീരവ് മോദിയുടെ കേസിൽ ഇഡി 1,052 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്കിന്റെ നേതൃത്വത്തിലുള്ള ൺസോർഷ്യത്തിന് തിരികെ നൽകി. നാഷണൽ സ്‌പോട്ട് എക്‌സേഞ്ച് ലിമിറ്റഡിന്റേതാണ് മൂന്നാമത്തെ കേസ്. ഈ കേസിൽ തട്ടിപ്പിനിരയായ 8433 പൊതു നിക്ഷേപകർക്ക് നഷ്ടപരിഹാരത്തിനായി സുപ്രീം കോടതി നിയോഗിച്ച സമിതിക്ക് ഏകദേശം 1220 കോടി രൂപയുടെ സ്വത്തുക്കൾ തിരികെ നൽകിയിട്ടുണ്ട്.
വിജയ് മല്യയും നീരവ് മോദിയുമായി ബന്ധപ്പെട്ട കേസുകളിൽ കോടതി കുറ്റം ചുമത്തുന്നതിന് മുമ്പ് തന്നെ ഇഡി സ്വത്തുക്കൾ പുനഃസ്ഥാപിക്കുകയായിരുന്നു. പിഎംഎൽഎയുടെ സെക്ഷൻ 8(7) വകുപ്പ് പ്രകാരം സ്വത്തുക്കൾ പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട കോടതികൾ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ വിജയ് മല്യയെയും നീരവ് മോദിയെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും ചെയ്തു.
സുപ്രീം കോടതി രൂപീകരിച്ച കള്ളപ്പണത്തെ കുറിച്ചുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റ തലവൻ റിട്ട. ജസറ്റിസ് അരിജിത്ത് പസായത്തിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ മാസം ഭുവനേശ്വറിൽ നടന്ന യോഗത്തിലാണ് സ്വത്തുക്കൾ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തത്.
Discussion about this post