ന്യൂഡൽഹി : ഇന്ത്യ ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് ചോദ്യം ചെയ്തുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച തള്ളി. ആർക്കൊക്കെ ആയുധങ്ങൾ നൽകണം എന്നുള്ളത് രാജ്യത്തിന്റെ വിദേശനയവുമായി ബന്ധപ്പെട്ട തീരുമാനമാണെന്ന് കോടതി വ്യക്തമാക്കി. പരമ്പരാഗതമായി കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന ഇത്തരം തീരുമാനങ്ങളിൽ ഇടപെടാനില്ലെന്ന് ഹർജിക്കാരനെ കോടതി അറിയിച്ചു
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , ജസ്റ്റിസുമാരായ ജെ ബി പർദിവാല , മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പൊതു താൽപര്യ ഹർജി തള്ളിയത്. വിദേശനയ വിഷയങ്ങളിൽ ഇടപെടുന്നത് കോടതിയുടെ അധികാരപരിധിയിലുള്ള വിഷയമല്ല. പലസ്തീനിലെ ഇസ്രായേലിൻ്റെ നടപടികളെ വംശഹത്യയായി അന്താരാഷ്ട്ര നീതിന്യായ കോടതി പ്രത്യേകമായി മുദ്രകുത്തിയിട്ടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ കമ്പനികൾ ഇസ്രായേലിന് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ചില ആക്ടിവിസ്റ്റുകളാണ് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയിരുന്നത്. ഇത് അന്താരാഷ്ട്ര നിയമത്തിൻ്റെയും ഭരണഘടനാപരമായ ഉത്തരവിൻ്റെയും ലംഘനമാണെന്ന് ഹർജിക്കാർ വാദിച്ചു. ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ വിവിധ കമ്പനികൾക്ക് നിലവിലുള്ള ലൈസൻസുകളും അനുമതികളും റദ്ദാക്കാനും പുതിയവ നൽകുന്നത് നിർത്തിവയ്ക്കാനും കേന്ദ്രസർക്കാരിനോട് ഉത്തരവിടണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇടപെടാൻ ഇല്ലെന്ന് കാണിച്ച് കോടതി ഹർജി തള്ളുകയായിരുന്നു.
Discussion about this post