ന്യൂഡൽഹി : രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചതിനാൽ സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രം. നിലവിൽ ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തൽ. ഇന്നലെയാണ് രാജ്യത്ത് ആദ്യ എംപോക്‌സ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ആളിലാണ് രോഗം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ വിമാനത്താവളിൽ അടക്കം കനത്ത ജാഗ്രതയാണ് ഒരുക്കിയിരിക്കുന്നത്.
ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ നീരീക്ഷണത്തിൽ കഴിയുന്ന യുവാവിനാണ് എംപോക്‌സ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. എംപോക്‌സിൻറെ പഴയ വകഭേദമാണ് സ്ഥിരീകരിച്ചത്. രോഗബാധിതന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 2022ൽ ഇതേ വകഭേദം രാജ്യത്ത് കണ്ടെത്തിയിരുന്നു. അന്ന് മുപ്പത് പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഒരാൾ മരിക്കുകയും ചെയ്തിരുന്നു.
സംഭവത്തെ തുടർന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം കേന്ദ്രം നൽകി. വിദേശ യാത്ര കഴിഞ്ഞെത്തുന്നവരെ പരിശോധിക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനം വേണം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ചെക്ക്‌പോസ്റ്റുകളിലും ഇക്കാര്യം ഉറപ്പ് വരുത്തണം.രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞാൽ രോഗിയെ നിരീക്ഷണത്തുലേക്ക് മാറ്റി സമ്പർക്ക പട്ടിക തയ്യാറാക്കണം. ആശുപത്രികളിൽ മതിയായ സൗകര്യം ഒരുക്കണം എന്നാണ് നിർദ്ദേശം .
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്. 1958ലാണ് ആദ്യമായി കുരങ്ങുകളിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ എംപോക്സ് ആദ്യമായി കണ്ടെത്തിയത്.
Discussion about this post