എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ആരാധകരെ നേരിൽക്കണ്ട് സംവദിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ടീം. കൊച്ചി ലുലു മാളിൽ നടന്ന മീറ്റ് ദ ബ്ലാസ്റ്റേഴ്സ് പ്രോഗ്രാമിൽ മഞ്ഞപ്പടയുടെ ആവേശം അലയടിച്ചു. ഐ.എസ്.എൽ പുതിയ പതിപ്പിൽ തിരുവോണ നാളിൽ കൊച്ചി ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ ആദ്യ മത്സരത്തിനിറങ്ങുന്നതിന് മുന്നോടിയായാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പൻമാർ ആരാധകരെ നേരിൽ കാണാനെത്തിയത്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റേഡിയം ജെഴ്സി റെയോർ സ്‌പോർട്ട്‌സ് സി.ഇ.ഒ ആൻഡ് മാനേജിങ് ഡയറക്ടർ ഭാഗേഷ് പ്രകാശനം ചെയ്തു. വേദിയിലെത്തിയ താരങ്ങൾ ആരാധകരെ അഭിസംബോധന ചെയ്തതിനൊപ്പം സ്റ്റേഡിയം ജെഴ്സി ആരാധകർക്കിടയിലേക്ക് എറിഞ്ഞു നൽകിയത് ആവേശമിരട്ടിയാക്കി.
ലുലു ഗ്രൂപ്പ് ടീം അംഗങ്ങളെ ആദരിച്ചു. കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി ചീഫ് മാർക്കറ്റിംഗ് ഓഫീസർ ആന്റണി മനു പരിപാടിക്ക് സ്വാഗതം പറഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്‌സ് ചീഫ് റവന്യൂ ഓഫീസർ ജോബി ജോബ് ജോസഫ് സ്‌പോൺസർമാർക്കും ആരാധകർക്കും നന്ദി പറഞ്ഞു. വിവിധ സ്പോൺസർമാരേയും മഞ്ഞപ്പട, ബ്ലാസ്റ്റേഴ്സ് ആർമി തുടങ്ങിയ ഫാൻ ക്ലബ് പ്രതിനിധികളേയും ചടങ്ങിൽ ആദരിച്ചു.
ആരാധകർക്കും കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും ഒരുപോലെ ആവേശമുണർത്തുന്നതായിരുന്നു ‘മീറ്റ് ദ ബ്ലാസ്റ്റേഴ്‌സ്’ പ്രോഗ്രാമെന്ന് ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാറെ പറഞ്ഞു. ക്ലബ്ബിനോടുള്ള ആരാധകരുടെ അടങ്ങാത്ത ആവേശവും സ്‌നേഹവും നേരിട്ട് കാണുന്നത് എപ്പോഴും ഒരു പ്രത്യേക അനുഭൂതിയാണ്. ഓരോ മത്സരത്തിനും പ്രചോദനമാകും വിധം ഓരോ ആരാധകരുടെയും ആവേശം വലിയ ഊർജ്ജമാണ് പകരുന്നത്. തുടർന്നും ഈ ആവേശവും പിന്തുണയും പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post