ഡെറാഡൂൺ : ഏകീകൃത സിവിൽ കോഡ് വൈകാതെ തന്നെ നടപ്പിലാക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. നവംബർ 9ന് മുമ്പ് സംസ്ഥാന സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 6നായിരുന്നു ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകീകൃത സിവിൽകോഡ് നിയമം അവതരിപ്പിച്ചിരുന്നത്.
ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ധാമി സർക്കാർ യൂണിഫോം സിവിൽ കോഡ് (യുസിസി) ബിൽ അവതരിപ്പിച്ചത്. ഒരു ദിവസത്തിന് ശേഷം സഭയിൽ മികച്ച ഭൂരിപക്ഷത്തോടെ പാസായ ബിൽ നിയമമായി മാറുകയായിരുന്നു. വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം, പിന്തുടർച്ചാവകാശം തുടങ്ങിയ വിവിധ വശങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ള നിയമം നവംബർ ഒമ്പതിനകം നടപ്പാക്കുമെന്നാണ് പുഷ്കർ സിംഗ് ധാമി ചൊവ്വാഴ്ച അറിയിച്ചത്.
നേരത്തെ തന്നെ പകർപ്പവകാശ വിരുദ്ധ നിയമം, മതപരിവർത്തന നിരോധന നിയമം, കലാപ വിരുദ്ധ നിയമം തുടങ്ങിയവ നടപ്പിലാക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന് ഏറെ ഗുണകരമായിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു. അവ നടപ്പിലാക്കിയതോടുകൂടി, ഇന്ന് ഉത്തരാഖണ്ഡ് കുറ്റകൃത്യങ്ങളോട് ഒട്ടും സഹിഷ്ണുതയില്ലാത്ത അച്ചടക്കമുള്ള സംസ്ഥാനമായി മാറിയെന്നും പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി.
Discussion about this post