മക്കളെ കുറിച്ച് ആശങ്കയില്ലാത്ത മാതാപിതാക്കൾ ഇല്ല. പ്രത്യേകിച്ച് ഇന്നത്തെ കാലത്താണെങ്കിൽ ആശങ്ക അൽപ്പം കൂടുതലുമാണ്. ഇക്കാലത്ത് പെൺമക്കളെ കുറിച്ചാണെങ്കിൽ മാതാപിതാക്കളുടെ ഉള്ളിൽ ആധിയാണ്. ഇപ്പോഴിതാ സ്വന്തം മകളെ കുറിച്ചുള്ള ആശങ്ക കൊടുമുടി കയറിയ ഒരു പിതാവിനെ കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയ നിറയേ.
മകളുടെ സുരക്ഷയ്ക്കായി കറാച്ചി സ്വദേശിയായ ഒരു പിതാവ് ചെയ്തത് കണ്ട് അക്ഷരാർത്ഥത്തിൽ സോഷ്യൽ മീഡിയ ഞെട്ടിയിരിക്കുകയാണ്. തന്റെ മകൾക്ക് വേണ്ടി, അവളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചാണ് പിതാവ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. എക്‌സിലൂടെ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ക്യാമറ സ്ഥാപിച്ച പെൺകുട്ടിയോട് ഒരാൾ ചോദ്യം ചോദിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആരാണ് ഇങ്ങനെ ക്യാമറ സ്ഥാപിച്ചതെന്ന് അയാൾ പെൺകുട്ടിയോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. തന്റെ അച്ഛനാണ് ഇത്തരത്തിൽ വീഡിയോ സ്ഥാപിച്ചതെന്നും താൻ എങ്ങോട്ട് ആണ് പോവുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും ട്രാക്ക് ചെയ്യാൻ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്നും പെൺകുട്ടി പറയുന്നു. സിസിടിവി സ്ഥാപിക്കുന്നതിനെ എതിർത്തോ എന്ന ചോദ്യത്തിന് ഇല്ലെന്നും പെൺകുട്ടി മറുപടി പറയുന്നുണ്ട്. ക്യാമറ തനിക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും പിതാവ് തന്റെ കാവൽക്കാരനാണെന്നും പെൺകുട്ടി പറയുന്നത് വീഡിയോയിൽ കേൾക്കാം.
കറാച്ചിയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ആശങ്കാജനകമാണ്. അടുത്തിടെ ഇവിടെ ഒരു സ്ത്രീ മരിച്ചിരുന്നു. അതുകൊണ്ട് തന്നെ താൻ സുരക്ഷിതയായിരിക്കാൻ വേണ്ടിയാണ് മാതാപിതാക്കൾ ഇങ്ങനെ ചെയ്തത്. തന്റെ സുരക്ഷിതത്വത്തെ കുറിച്ച് അവർക്ക് നല്ല ബോദ്ധ്യമുണ്ടെന്നും കുട്ടി പറഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.












Discussion about this post