ന്യൂഡൽഹി : ആയുഷ്മാൻ ഭാരത് പദ്ധതിയിൽ വിപുലീകരണവുമായി കേന്ദ്രസർക്കാർ. ആയുഷ്മാൻ ഭാരത് പിഎം ജൻ ആരോഗ്യ യോജനയുടെ കീഴിൽ 70 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരെ കൂടി ഉൾപ്പെടുത്താനാണ് കേന്ദ്രസർക്കാർ പുതുതായി തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച നടന്ന കാബിനറ്റ് യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര ഗവൺമെൻ്റ് ഹെൽത്ത് സ്കീം (സിജിഎച്ച്എസ്), എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്), ആയുഷ്മാൻ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) തുടങ്ങിയ മറ്റ് പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് സ്കീമുകളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന മുതിർന്ന പൗരന്മാർക്ക് ആവശ്യമെങ്കിൽ ആയുഷ്മാൻ പദ്ധതിയിലേക്ക് മാറാം എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഈ വിഷയങ്ങളിൽ തീരുമാനമുണ്ടായിട്ടുള്ളത്. ആയുഷ്മാൻ ഭാരത് പദ്ധതി വഴി 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്നതാണ്. രാജ്യത്തെ 4.5 കോടി കുടുംബങ്ങൾക്ക് ഗുണകരമായിട്ടുള്ള ഈ പദ്ധതിയിൽ 6 കോടിയോളം മുതിർന്ന പൗരന്മാരും ഉൾപ്പെടുന്നുണ്ട്.
Discussion about this post