ന്യൂഡൽഹി: രാജ്യത്തെ 100 തീരദേശ ഗ്രാമങ്ങളെ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ളവയാക്കി മാറ്റാനുള്ള പദ്ധതിയുമായി കേന്ദ്ര ഫിഷറീസ് മന്ത്രാലയം. ഇവയിൽ ആറ് ഗ്രാമങ്ങൾ കേരളത്തിലാണ്. ഇരവിപുരം, തോട്ടപ്പള്ളി, അഴീക്കൽ, പുതുവൈപ്പ്, ഞാറക്കൽ, ചിലക്കൂർ എന്നിവയാണ് കേരളത്തിലെ ആറ് ഗ്രാമങ്ങൾ. ഓരോ ഗ്രാമത്തിനും 2 കോടി രൂപ വീതം 200 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുക. മാറുന്ന പരിസ്ഥിതി സാഹചര്യങ്ങൾക്കനുസരിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റും ഇവിടെ പദ്ധതികൾ ആവിഷ്‌കരിക്കും.
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പിഎംഎസ്‌വൈ) പദ്ധതിയുടെ വാർഷികത്തിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം. ഈ പദ്ധതിയുടെ തുടർച്ചയായി പ്രധാനമന്ത്രി മത്സ്യ കിസാൻ സമ്പത്ത് സഹ യോജന (പിഎം- എംകെഎസ്എസ്‌വൈ) പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമും കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ് അവതരിപ്പിച്ചു.
6000 കോടി രൂപയുടെ പിഎംഎംകെഎസ്എസ്‌വൈ പദ്ധതിക്ക് ലോകബാങ്ക് വായ്പയുൾപ്പെടെ 3000 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതമാണ്. ബാക്കി തുക ഗുണഭോക്താക്കളുടെ വിഹിതവും സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപവുമായി കണ്ടെത്തും. മത്സ്യത്തൊളിലാളികൾ, കച്ചവടക്കാർ, മത്സ്യ സംസ്‌കരണം നടത്തുന്നവർ തുടങ്ങി മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വിവരശേഖരണത്തിന് വേണ്ടിയാണ് നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം (എൻഎഫ്ഡിപി) രൂപീകരിച്ചിരിക്കുന്നത്. സാമ്പത്തിക ആനുകൂല്യങ്ങളുടെ വിതരണം ഇതിലൂടെയാകും ഇനി നടപ്പാക്കുക. മത്സ്യ മേഖലയിലെ 40 ലക്ഷം ചെറു സൂക്ഷ്മ സംരംഭകർക്ക് തിരിച്ചറിയൽ കാർഡ് നൽകുക എന്നതടക്കമുള്ള നടപടികൾ ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കാനും ലക്ഷ്യമിടുന്നുണ്ട്.
കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഉൾപ്പെടെ മൂന്ന് ഫിഷറീസ് ഇൻക്യൂബേഷൻ സെന്ററുകളും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്‌സ്റ്റൻഷൻ മാനേജ്‌മെന്റ് മൂംബൈയിലെ സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് എജ്യൂകേഷൻ എന്നിവയാണ് മറ്റ് 2 സ്ഥാപനങ്ങൾ. ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പ്രസംഗിച്ചു.
Discussion about this post