തിരുവനന്തപുരം : പരമാവധി വിൽപന വില(എംആർപി)യേക്കാൾ കൂടുതൽ തുകയ്ക്ക് സാധനം വിറ്റ സൂപ്പർമാർക്കറ്റിന് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ. തിരുവനന്തപുരം സ്വദേശിയുടെ പരാതിയെ തുടർന്ന് പുളിയറക്കോണത്തെ സൂപ്പർമാർക്കറ്റിനെതിരെയാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഉപഭോക്താവിൽ നിന്നും അധികമായി വാങ്ങിയ പത്തു രൂപയും അയ്യായിരം രൂപ നഷ്ടപരിഹാരവും നൽകണമെന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.
എംആർപിയെക്കാൾ കൂടിയ തുകയ്ക്ക് വെളിച്ചെണ്ണ വിറ്റെന്ന പരാതിയിലാണ് സൂപ്പർ മാർക്കറ്റ് 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. പരമാവധി വിലയേക്കാൾ പത്ത് രൂപ കൂട്ടിയാണ് പുളിയറക്കോണത്തെ സൂപ്പർമാർക്കറ്റ് ഒരു പാക്കറ്റ് വെളിച്ചെണ്ണ വിറ്റത്.
തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിയായ ദിനേശ് കുമാറാണ് പരാതിയുമായി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
പരാതിക്കാരനായ ദിനേശ് കുമാർ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ ഒരു ലിറ്റർ കേര വെളിച്ചെണ്ണയ്ക്ക് പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന പരമാവധി വിൽപന വിലയേക്കാൾ പത്ത് രൂപ കൂടുതൽ ഇടാക്കുകയായിരുന്നു. ഇത്തരം പ്രവൃത്തികൾ അധാർമിക വ്യാപാര രീതിയാണെന്നും ഉപഭോക്താവിന് നൽകേണ്ട സേവനത്തിൽ വ്യാപാര സ്ഥാപനം വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ നഷ്ടപരിഹാരം നൽകാനായി വിധിച്ചിരിക്കുന്നത്.
Discussion about this post