ബംഗളൂരു : മെട്രോ സ്റ്റേഷനിൽ ചുമ്മാ നിന്നപ്പോൾ 21 വയസ്സുകാരനായ ഹേമന്ത് കുമാറിന് തോന്നിയ ചെറിയൊരു കുസൃതി വലിയ തലവേദനയായി മാറിയത് രക്ഷിതാക്കൾക്കാണ്. മെട്രോ പ്ലാറ്റ്ഫോമിലെ എമർജൻസി ബട്ടൺ വെറുതെ ഒന്ന് അമർത്തി നോക്കിയതാണ് ഹേമന്ത് കുമാർ. കുസൃതിക്ക് ശേഷം ഒന്നും സംഭവിക്കാത്ത പോലെ ആൾ ട്രെയിനിൽ കയറുകയും ചെയ്തു. എന്നാൽ എല്ലാം ശ്രദ്ധിച്ചു കൊണ്ട് നിന്നിരുന്ന സിസിടിവി ഹേമന്ത് കുമാറിന് മുട്ടൻ പണിയാണ് നൽകിയത്.
ബംഗളൂരു എംജി റോഡ് മെട്രോ സ്റ്റേഷനിൽ ആയിരുന്നു സംഭവം നടന്നത്. എമർജൻസി ബട്ടൺ അമർത്തിയതിനെ തുടർന്ന് സ്റ്റേഷനിലെ പർപ്പിൾ ലൈനിന്റെ ഭാഗത്തുള്ള ട്രെയിനുകളുടെ പ്രവർത്തനങ്ങൾ ഏഴ് മിനിറ്റോളം നിർത്തിവയ്ക്കേണ്ടി വന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ യാത്രക്കാരൻ നടത്തിയ ചെറിയൊരു കുസൃതിയാണ് എമർജൻസി ട്രിപ്പ് സിസ്റ്റം പ്രവർത്തിക്കാൻ കാരണമായതെന്ന് കണ്ടെത്തുകയായിരുന്നു.
ട്രെയിൻ വിശദമായി പരിശോധിച്ചു പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തിയ ശേഷം യാത്ര തുടരാൻ മെട്രോ റെയിൽ അധികൃതർ അനുവദിച്ചു. ഈ ട്രെയിൻ പുറപ്പെട്ടപ്പോഴാണ് ഹേമന്ത് കുമാർ ട്രെയിനിൽ കയറിയത്. പിന്നാലെ തന്നെ സെക്യൂരിറ്റി ജീവനക്കാരും മെട്രോ ജീവനക്കാരും ട്രെയിനിനകത്ത് കയറി. കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ വച്ച് ഹേമന്ത് കുമാറിനെ പിടികൂടി പുറത്തിറക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിഴ അടക്കാനുള്ള 5000 രൂപ സ്വന്തമായി ഇല്ലാതിരുന്നതിനാൽ യുവാവിന്റെ മാതാപിതാക്കളെ വിളിച്ചുവരുത്തി പിഴ അടപ്പിച്ച ശേഷമാണ് ഹേമന്ത് കുമാറിനെ വിട്ടയച്ചത്.
Discussion about this post