തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിൽ താരസംഘടനയായ അമ്മയുടെ പ്രതികരണം വൈകിപ്പിച്ചതിന് പിന്നിൽ നടൻ ജഗദീഷെന്ന് വെളിപ്പെടുത്തൽ. ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി അംഗമായ ജോസ് തോമസാണ് ഒരു സ്വകാര്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന അന്നുതന്നെ ഫെഫ്കയും താരസംഘടനയായ അമ്മയും നിർമാതാക്കളുടെ സംഘടനയും സംയുക്തമായി വാർത്താസമ്മേളനം നടത്താൻ തീരുമാനിച്ചിരിന്നുവെന്നും എന്നാൽ ജഗദീഷ് ഇടപെട്ട് അത് തടയുകയായിരുന്നുവെന്നുമാണ് ജോസ് തോമസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ പറ്റി നേരത്തെ തന്നെ ഫെഫ്‌ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണൻ സൂചിപ്പിച്ചിരുന്നു. പത്ര സമ്മേളനം നടത്താം എന്ന് ആവശ്യപ്പെട്ടപ്പോൾ അന്ന് എതിർത്ത പലരും പിന്നീട് പുരോഗമനക്കാരായി മാദ്ധ്യമങ്ങളുടെ മുന്നിൽ വന്നു എന്നാണ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നത്.
ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്ന അന്നുതന്നെ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയും മോഹൻലാലുമായി സംസാരിക്കുകയും വാര്‍ത്താസമ്മേളനം നടത്താമെന്ന് പറയുകയും ചെയ്തിരുന്നു. ബാക്കി കാര്യങ്ങൾ റിപ്പോർട്ട് പഠിച്ചശേഷം തീരുമാനിക്കാമെന്നുമായിരുന്നു ഇവർ തമ്മിലുണ്ടാക്കിയ ധാരണ. എന്നാൽ ഇതിനിടയിൽ ജഗദീഷ് ഇടപെടുകയും പത്രസമ്മേളനം നടത്തുകയോ, മാദ്ധ്യമങ്ങളെ കാണുകയോ ചെയ്യരുത് എന്ന് പറയുകയുമായിരുന്നു. ഇതിനെ തുടർന്ന് പ്രധാന നടന്മാർ ജഗദീഷിന്റെ വാദം സമ്മതിച്ചുകൊടുക്കുകയായിരുന്നു.
എന്നാൽ പിന്നീട് ജഗദീഷ് തന്നെ മാദ്ധ്യമങ്ങളുടെ മുന്നിൽ വരുകയും, പത്ര സമ്മേളനം നടത്താൻ വൈകിയതിന് അമ്മയുടെ പേരിൽ ക്ഷമ ചോദിക്കുകയും ചെയ്തു. ഇതോടെ പൊതു മദ്ധ്യത്തിൽ ജഗദീഷ് താരമാവുകയായിരിന്നു,
NB- നേരത്തെ സംവിധായകൻ ജോസ് തോമസിന്റെ ചിത്രത്തിനു പകരം നൽകിയിരുന്നത് ചോയിസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോസ് തോമസിന്റെ ചിത്രമായിരുന്നു. ചിത്രം മാറി നൽകിയതിൽ ഖേദം പ്രകടിപ്പിക്കുന്നതിനൊപ്പം ശ്രീ ജോസ് തോമസിന് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
Discussion about this post