കൊൽക്കൊത്ത: സെൻട്രൽ കൊൽക്കൊത്തയിലെ ബ്ലോച്ച്മാൻ സ്ട്രീറ്റിൽ ബോംബ് സ്‌ഫോടനം. ഒരാൾക്ക് പരിക്കേറ്റു. ആക്രി പെറുക്കി വിൽപ്പന നടത്തുന്ന 58കാരനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.
ഇന്ന് ഉച്ചക്ക് 1.45ഓടെയാണ് സംഭവം. സ്‌ഫോടനത്തിന് പിന്നാലെ ബോംബ് സ്‌ക്വാഡ് എത്തി പ്രദേശത്ത് പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. സ്‌ഫോടനത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ആവശ്യപ്പെട്ടു. സംഭവത്തിൽ ആശങ്കയുണ്ടെന്നും പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള മമതാ ബാനർജിയുടെ പരാജയമാണ് ഈ സംഭവം തുറന്നുകാട്ടുന്നത്. മമതാ ബാനർജിയുടെ ഭരണത്തിന് കീഴിൽ സംസ്ഥാനത്തിന്റെ ക്രമസമാധാനം ഇങ്ങനെയാണെങ്കിൽ അവർ രാജി വക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Discussion about this post