ന്യൂഡൽഹി : കേരള ജനതയ്ക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സമൃദ്ധിയുടെ ഉത്സവമായ ഓണം സാമൂഹിക സൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണെന്നും രാഷ്ട്രപതി തന്റെ ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി. കാർഷിക വിളവെടുപ്പ് അടയാളപ്പെടുത്തുന്നതിന്റെയും സന്തോഷത്തിൻ്റെയും ഉത്സാഹത്തിൻ്റെയും ഈ ഉത്സവം ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നതായി രാഷ്ട്രപതി അറിയിച്ചു.
എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ആശംസകൾ അറിയിക്കുന്നതായി രാഷ്ട്രപതി വ്യക്തമാക്കി. കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും ആഘോഷിക്കാനുള്ള ഒരു സന്ദർഭം കൂടിയാണിത്. ഈ അവസരത്തിൽ നമ്മുടെ നാടിനെ പോഷിപ്പിക്കാൻ അക്ഷീണം പ്രയത്നിക്കുന്ന കർഷകരോട് അഗാധമായ നന്ദി രേഖപ്പെടുത്തുന്നതായും രാഷ്ട്രപതി അറിയിച്ചു.
രാജ്യത്തിൻ്റെ സമാധാനവും ഐക്യവും ശക്തിപ്പെടുത്തുന്നത് ഇത്തരത്തിലുള്ള ഉത്സവങ്ങൾ കൂടിയാണ്. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാൻ നമുക്ക് ഏവർക്കും ഒരുമിച്ച് പ്രവർത്തിക്കാം. സാമൂഹിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ ഈ സമൃദ്ധിയുടെ ഉത്സവം നമ്മെ പ്രോത്സാഹിപ്പിക്കുന്നു എന്നും രാഷ്ട്രപതി ഓണ സന്ദേശത്തിൽ വ്യക്തമാക്കി.
Discussion about this post