ന്യൂഡൽഹി: സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം വീണ്ടും നീട്ടിയിരിക്കുകയാണ് ദി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). കഴിഞ്ഞ ദിവസം ആയിരുന്നു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അധികൃതർ പുറത്തുവിട്ടത്. പുതിയ ഉത്തരവ് പ്രകാരം ആധാർ അപ്‌ഡേഷന് വേണ്ടിയുള്ള അവസാന തിയതി ഈ വർഷം ഡിസംബർ 14 നാണ്. ഇതിന് ശേഷം ആധാറിലെ വിവരങ്ങൾ മാറ്റുന്നതിനായി പ്രൊസസിംഗ് ഫീസ് ഇനത്തിൽ 50 രൂപ നൽകേണ്ടിവരും.
വിരലടയാളവും, ഫേഷ്യൽ റെക്കഗ്നിഷൻ വിവരങ്ങളും ഒഴികെയാണ് ആളുകൾക്ക് മാറ്റാൻ അനുവാദം ഉള്ളത്. അതുകൊണ്ട് തന്നെ ആധാർ സേവ കേന്ദ്രങ്ങളിൽ പോയി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല. നമ്മുടെ പേഴ്‌സണൽ കമ്പ്യൂട്ടർ ഉപയോഗിച്ചും ഫോൺ ഉപയോഗിച്ചും ഈ പ്രക്രിയ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാം. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ മാത്രം മതി.
myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റ് എടുത്ത് ലോഗ് ഇൻ ചെയ്യുക. നമ്മുടെ ആധാർ നമ്പർ ഉപയോഗിച്ച് വേണം ലോഗ് ഇൻ ചെയ്യാൻ. ഇതിന് ശേഷം ആധാർ കാർഡിനായി ഉപയോഗിച്ച ഫോൺ നമ്പറിലേക്ക് ഒടിപി വരും. ഇത് നൽകാം.
ഇതിന് ശേഷം നിങ്ങളുടെ ആധാർ കാർഡിലെ അഡ്രസും മറ്റ് വിവരങ്ങളും തെളിഞ്ഞ് വരും. ഇതിന് താഴെയായി മെനു ഓപ്ഷനും കാണും. അതിൽ ക്ലിക്ക് ചെയ്താൽ രേഖകൾ അപ്ലോഡ് ചെയ്യാനും അഡ്രസിൽ മാറ്റം വരുത്താനുമെല്ലാമുള്ള അനുവാദം ലഭിക്കും. ആവശ്യമായ രേഖകൾ ഇതിലേക്ക് അപ്‌ലോഡ് ചെയ്യാം. അഡ്രസിലാണെങ്കിലും മാറ്റം വരുത്തിയ ശേഷം അപ്‌ഡേറ്റിൽ ക്ലിക്ക് ചെയ്യുക.
Discussion about this post