മോസ്‌കോ: ആളുകൾ തമ്മിലുള്ള ശാരീരിക ബന്ധത്തെ പ്രോത്സാഹിപ്പിച്ച് റഷ്യ. ജോലിയ്ക്കിടയിൽ ഒഴിവ് സമയങ്ങൾ ശാരീക ബന്ധത്തിന് വേണ്ടി ചിലവഴിക്കാം എന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറയുന്നത്. ജനന നിരക്ക് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പുടിന്റെ ഈ വിചിത്ര നിർദ്ദേശം.
ആരോഗ്യമന്ത്രി ഡോ. യെവ്‌ഗെനി ഷെസ്റ്റോപലോവ് ആണ് പ്രസിഡന്റിന്റെ വിചിത്ര നിർദ്ദേശത്തെക്കുറിച്ച് ആളുകളെ അറിയിച്ചത്. ജോലിയ്ക്ക് പോകുന്നുവെന്നത് പ്രത്യുൽപ്പാദനത്തിന് തടസ്സമാകുന്ന ഒന്നല്ലെന്ന് യെവ്‌ഗെനി പറഞ്ഞു. ജോലി എന്നത് കുട്ടികൾ വേണ്ടെന്ന് വയ്ക്കാനുള്ള കാരണം അല്ല. ഒഴിവ് നേരങ്ങളിൽ എല്ലാവരും പരമാവധി തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
12 മുതൽ 14 മണിക്കൂർവരെ ജോലി ചെയ്യുന്നവർക്ക് ഇതിന് എങ്ങനെ സാധിക്കും എന്ന് മാദ്ധ്യമ പ്രവർത്തകരിൽ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു. ചായ കുടിയ്ക്കാനെടുക്കുന്ന ഇടവേളകളിലും ലഞ്ച് ടൈമിലെ ബ്രേക്കിനിടയിലും ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ആയിരുന്നു ഇതിനോട് അദ്ദേഹം പ്രതികരിച്ചത്. റഷ്യൻ ജനതയുടെ സംരക്ഷണം ആണ് സർക്കാരിന്റെ പ്രഥമ ലക്ഷ്യം. നമ്മുടെ എണ്ണത്തിന് അനുസരിച്ച് ആയിരിക്കും റഷ്യയുടെ ഭാവി. ഇതൊരു ദേശീയ പ്രാധാന്യമുള്ള വിഷയം ആണെന്നും യെവ്‌ഗെനി ഷെസ്റ്റോപലോവ് കൂട്ടിച്ചേർത്തു.
Discussion about this post