ഗാന്ധിനഗർ : ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ സർവീസ് ആരംഭിച്ചു. ഗുജറാത്തിലാണ് ആദ്യ വന്ദേ മെട്രോ സർവീസ് നടത്തുന്നത്. ആദ്യ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.
ഭുജിനും അഹമ്മദാബാദിനുമിടയിൽ ആണ് വന്ദേ മെട്രോ സർവീസ് നടത്തുന്നത്.
തുടർച്ചയായി മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ ഗുജറാത്ത് സന്ദർശനമാണിത്. ഞായറാഴ്ച വൈകുന്നേരം അഹമ്മദാബാദ് വിമാനത്താവളത്തിൽ ആണ് അദ്ദേഹം എത്തിച്ചേർന്നത്. രാജ്യം വിവിധ ഉത്സവങ്ങൾ ആഘോഷിക്കുന്ന വേളയിലാണ് രാജ്യത്തെ ആദ്യ വന്ദേ മെട്രോ സർവീസ് ആരംഭിക്കുന്നതെന്ന് ഫ്ലാഗ്ഓഫിന് ശേഷം പ്രധാനമന്ത്രി വ്യക്തമാക്കി.
ഗുജറാത്തിൽ നിർമ്മിക്കുന്ന ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിട്ടു. ഗാന്ധിനഗറിൽ RE-INVEST 2024 ൻ്റെ നാലാം പതിപ്പിൻ്റെ ഉദ്ഘാടനവും അഹമ്മദാബാദിൽ 8,000 കോടിയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്നു. അഹമ്മദാബാദിനെയും ഗാന്ധിനഗറിനെയും ബന്ധിപ്പിക്കുന്ന മെട്രോ റെയിൽ സർവീസിൻ്റെ രണ്ടാം ഘട്ടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
Discussion about this post