തൃശ്ശൂർ : ഓണ വിപണി ലക്ഷ്യമാക്കി സൂക്ഷിച്ച വൻ സ്പിരിറ്റ് ശേഖരം പിടികൂടിയിരിക്കുകയാണ് എക്സൈസ്. സംസ്ഥാനത്തെ എക്സൈസ് വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണിത്. തൃശ്ശൂർ ചെമ്പൂത്രയിൽ നിന്നുമാണ് വൻ സ്പിരിറ്റ് ശേഖരം പിടികൂടിയത്. ഓണ വിപണി ലക്ഷ്യമാക്കി സൂക്ഷിച്ചിരുന്ന 15000 ലിറ്റർ സ്പിരിറ്റ് ആണ് പിടികൂടിയത്.
തൃശ്ശൂർ പട്ടിക്കാട് ചെമ്പൂത്രയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവർത്തിച്ചുവന്നിരുന്ന കാലിത്തീറ്റ വില്പന കേന്ദ്രത്തിൽ നിന്നുമാണ് സ്പിരിറ്റ് പിടികൂടിയത്. പുറമേ കാലിത്തീറ്റ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉള്ളിൽ സ്പിരിറ്റ് ഗോഡൗൺ ആയിരുന്നതായി കണ്ടെത്തി. എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻഫർമേഷൻ ബ്യൂറോയും തൃശ്ശൂർ ജില്ലാ എക്സൈസ് സംഘവും ചേർന്ന് ദിവസങ്ങളായി നടത്തിയ നിരീക്ഷണങ്ങൾക്ക് ശേഷമാണ് സ്പിരിറ്റ് ഗോഡൗൺ പിടികൂടിയത്.
തൃശ്ശൂർ മണ്ണുത്തി സെന്ററിൽ നിന്നും 40 കന്നാസുകളിലായി 1320 ലിറ്റർ സ്പിരിറ്റുമായി ഒരു പിക്കപ്പ് വാൻ പിടികൂടിയതിന് പിന്നാലെയാണ് ചെമ്പൂത്രയിലെ ഇന്ത്യൻ കോഫി ഹൗസ് പരിസരത്ത് സ്ഥിതി ചെയ്തിരുന്ന കാലിത്തീറ്റ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് വിഭാഗം നിരീക്ഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് ഗോഡൗണിൽ നിന്നും 411 കന്നാസുകളിലായി സൂക്ഷിച്ച പതിനാലായിരത്തോളം ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. ഗോഡൗൺ വാടകയ്ക്ക് എടുത്ത രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post