ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ പ്രധാന പ്രതി പൾസർ സുനിയ്ക്ക് ജാമ്യം. സുപ്രീംകോടതിയാണ് സുനിയ്ക്ക് ജാമ്യം അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് ആയിരുന്നു സുനിയ്ക്ക് സുപ്രീംകോടതി ജാമ്യം നൽകിയത്.
സുനിയ്ക്ക് ജാമ്യം നൽകിയാൽ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും കേസ് അട്ടിമറിക്കപ്പെടാനും സാദ്ധ്യതയുണ്ടെന്ന് ആയിരുന്നു സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു. കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്നും ദീലീപിൻറെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും ആയിരുന്നു സുനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ച കോടതി വിചാരണ നീണ്ട് പോകുന്നതിനാൽ ജാമ്യം നൽകുകയാണെന്ന് അറിയിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
നേരത്തെ പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യവും അനുവദിക്കുന്നത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സുനി ജാമ്യാപേക്ഷ സമർപ്പിച്ചത്.
ജാമ്യഹർജി ഈ മാസം അവസാനം പരിഗണിക്കാം എന്നായിരുന്നു നേരത്തെ കോടതി നിലപാട്. എന്നാൽ സുനിയുടെ മെഡിക്കൽ രേഖകൾ പരിശോധിച്ച കോടതി അടിയന്തിരമായി കേസ് പരിഗണിക്കുകയായിരുന്നുവെന്നാണ് വിവരം.
Discussion about this post