2026 ടി20 ലോകകപ്പിന് സ്വന്തം മണ്ണിൽ പന്തൊരുങ്ങുമ്പോൾ ഇന്ത്യൻ ടീമിന് വലിയ പിന്തുണയുമായി ഇതിഹാസ താരം വീരേന്ദർ സെവാഗ്. താൻ അംഗമായിരുന്ന 2007-ലെ ലോകകപ്പ് ജേതാക്കളായ ടീമിനേക്കാൾ കരുത്തരാണ് നിലവിലെ ഇന്ത്യൻ സംഘമെന്ന് സെവാഗ് അഭിപ്രായപ്പെട്ടു. ക്രിക്ബസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ലോകകപ്പിനായി ഇന്ത്യ തിരഞ്ഞെടുത്തത് ഏറ്റവും മികച്ച സംഘത്തെയാണെന്ന് സെവാഗ് നിരീക്ഷിച്ചു. “മികച്ച ഓൾറൗണ്ടർമാരും സ്പിന്നർമാരും ഫാസ്റ്റ് ബൗളർമാരും ഈ ടീമിലുണ്ട്. 2007-ൽ ഞങ്ങൾ ജയിച്ച ടീമിനേക്കാൾ മികച്ചതാണിത്. സൂര്യകുമാർ യാദവിന് കീഴിൽ യുവത്വവും പരിചയസമ്പത്തും ഒത്തുചേർന്ന ഒരു പെർഫെക്റ്റ് ബ്ലെൻഡ് ഇവിടെ കാണാം. 2011-ൽ സ്വന്തം നാട്ടിൽ ഏകദിന ലോകകപ്പ് നേടിയത് പോലെ, ഇത്തവണ ഇന്ത്യ ടി20 ലോകകപ്പും ഉയർത്തും,” അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ലോകകപ്പ് വേളയിൽ താരങ്ങൾ നേരിടുന്ന കടുത്ത സമ്മർദ്ദത്തെക്കുറിച്ചും സെവാഗ് മുന്നറിയിപ്പ് നൽകി. “കളിക്കാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, പുറത്തുള്ളവരുടെ ബഹളങ്ങൾ ശ്രദ്ധിക്കരുത്. പത്രങ്ങൾ വായിക്കരുത്, ടിവി കാണരുത്, സാധിക്കുമെങ്കിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാതിരിക്കുക. ഇത്തരം കാര്യങ്ങളിൽ നിന്ന് വിട്ടുനിന്നാൽ മികച്ച രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും,” മുൻ ലോകകപ്പ് ജേതാവ് കൂടിയായ സെവാഗ് ഉപദേശിച്ചു.
ഫെബ്രുവരി 7-ന് അമേരിക്കയ്‌ക്കെതിരായ ആദ്യ പോരാട്ടത്തിന് മുൻപ് ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏക സന്നാഹ മത്സരത്തിൽ ഇറങ്ങുന്നു.












