ശരീരഭാരം കുറയ്ക്കാനുള്ള ഒരു വെൽനസ് രീതി എന്ന നിലയിൽ ഉപവാസം വളരെയധികം ജനപ്രീതി പിടിച്ചു പറ്റിയിട്ടുണ്ട് . ചില ആളുകൾ ദിവസത്തിൻ്റെ വലിയൊരു ഭാഗം ഉപവസിക്കാനും വളരെ കണക്കുകൂട്ടി പോഷകാഹാരം കഴിക്കാനും തിരഞ്ഞെടുക്കുന്നു. ചില ആളുകൾ ചില സമയങ്ങളിൽ മാത്രം ഭക്ഷണം കഴിക്കുന്നു, ചിലപ്പോൾ ഭക്ഷണങ്ങൾക്കിടയിൽ ഇടവേളകൾ ക്രമീകരിക്കുന്നു. എന്നാൽ ഭൂരിഭാഗം കേസുകളിലും ഉപവാസം വെള്ളം ഒഴിവാക്കാൻ ആവശ്യപ്പെടുന്നില്ല.
എന്നാൽ ചിലർ ഭക്ഷണം ഒഴിവാക്കുമ്പോൾ അതിന്റെ കൂടെ വെള്ളവും ഒഴിവാക്കുന്നതായി കാണുന്നുണ്ട്. എന്നാൽ ഇത് ഗുരുതരമായ പ്രത്യാഘതങ്ങൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
പോഷകാഹാര വിദഗ്ധയായ ഷൈല കഡോഗൻ, ആർഡി, അടുത്തിടെ ഒരു ലേഖനത്തിൽ, ഡ്രൈ ഫാസ്റ്റിംഗ് ക്ഷണിച്ചു വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട് . മനുഷ്യശരീരത്തിന് ഭക്ഷണമില്ലാതെ ഒരു നിശ്ചിത സമയത്തേക്ക് സ്വയം നിലനിൽക്കാൻ കഴിയും, എന്നിരുന്നാലും, വെള്ളത്തെക്കുറിച്ച് അങ്ങനെ പറയാൻ കഴിയില്ല.
ഡ്രൈ ഫാസ്റ്റ് ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളിൽ ഒന്ന് നിർജ്ജലീകരണമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാതെ മണിക്കൂറുകളോ ദിവസങ്ങളോ ശരീരം മുന്നോട്ട് പോകുമ്പോൾ അത് ക്ഷീണം, മൂത്രത്തിൻ്റെ അഭാവം, മലബന്ധം, തലവേദന, ശ്രദ്ധക്കുറവ് എന്നിവയ്ക്ക് കാരണമാകും.
ഡ്രൈ ഫാസ്റ്റിംഗ് ശരീരഭാരം കുറയുന്നതായി തോന്നിപ്പിക്കും എന്നാലിത് സത്യത്തിൽ ശരീരത്തിലെ കൊഴുപ്പല്ല കുറക്കുന്നത്. മറിച്ച് വെള്ളത്തിൻ്റെ ഭാരമാണ് . അതിനാൽ, ശരീരത്തിൽ ദ്രാവകങ്ങൾ വീണ്ടും ലഭിക്കുമ്പോൾ നഷ്ടപ്പെട്ട ഭാരം തിരികെ വരുന്നത് കാണാം. ഇത് കൂടാതെയാണ് മൂത്രാശയത്തിലും കിഡ്നിയിലും ഉണ്ടാകാൻ സാധ്യതയുള്ള അനവധി ബുദ്ധിമുട്ടുകൾ.
അത് കൊണ്ട് തന്നെ, ക്രമീകരിച്ച ഉപവാസം എടുത്തോളൂ, കുഴപ്പമില്ല. പക്ഷെ ഒരിക്കലും വെള്ളം ഒഴിവാക്കരുത്.
Discussion about this post