ഹിസ്ബുള്ള ഭീകരകേന്ദ്രങ്ങളിൽ പേജർ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണങ്ങളിൽ നടുങ്ങിയിരിക്കുകയാണ് ലോകം. പണികിട്ടിയത് ഹിസ്ബുള്ളയ്ക്കാണെങ്കിൽ പണി കൊടുത്തത് ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് തന്നെ എന്നാണ് അനുമാനം. ഏതാണ്ട് മൂവായിരത്തിലധികം ആളുകളെ പരിക്കേൽപ്പിക്കുകയും നിരവധി ഭീകരർ വധിക്കപ്പെടുകയും ചെയ്തത് പേജർ എന്ന കുഞ്ഞൻ ഉപകരണം ഉപയോഗിച്ചുള്ള തന്ത്രത്തിലൂടെയായിരുന്നുവെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്. വാർത്ത പരന്നതോടെ എന്താണ് പേജർ എന്ന ചോദ്യവും ഇതെങ്ങനെ പ്രവർത്തിക്കുന്നു എന്നതിൽ ആശയക്കുഴപ്പവും സാധാരണക്കാർക്കിടയിൽ ഉയരുന്നുണ്ട്.
കൈവെള്ളയിൽ മാത്രം ഒതുങ്ങുന്ന വലിപ്പം മാത്രമുള്ള കുഞ്ഞൻ കമ്മ്യണിക്കേഷൻ ഉപകരണമാണ് പേജർ. ആൽഫാന്യൂമെറിക് അഥവാ ശബ്ദസന്ദേശങ്ങൾ സ്വീകരിക്കുകയും അവ പ്രദർശിപ്പിക്കുകയും ചെയ്യുന്ന വയർലെസ് ആയിട്ടുള്ള ആശയവിനിമയ ഉപകരണങ്ങളാണ് പേജറുകൾ ബീപ്പറുകൾ എന്നും ഇതിന് പേരുണ്ട്. സന്ദേശം എത്തുമ്പോൾ നേരിയ ശബ്ദമോ ബീപ്പോ വൈബ്രേഷനോ ഉണ്ടാകുന്നതിനാലാണ് ഇങ്ങനെ ഒരു പേരും കൂടി ലഭിച്ചത്.
ചെറിയ മെസേജുകളും അലർട്ടുകളും സ്വീകരിക്കാനും അയക്കാനുമായി പേജർ ഉപയോഗിക്കുന്നു. ബേസ് സ്റ്റേഷനിൽ നിന്നുള്ള റേഡിയോ ഫ്രീക്വൻസി വഴിയാണ് പേജറുകൾ പ്രവർത്തിക്കുന്നത്. വരുന്ന സന്ദേശങ്ങൾ തെളിയാൻ ചെറിയൊരു ഡിസ്പ്ലെ പേജറിൽ കാണാം. 1980 കളിലാണ് ഈ ഉപകരണം വ്യാപകമായി ഉപയോഗിച്ചിരുന്നത്. 1960കളിലാണ് ഈ വയർലെസ്സ് സംവിധാനം വികസിപ്പിച്ചെടുത്തത്. വാക്കിടോക്കിയുടെ പരിണാമമാണിത്. ഇത് വ്യാപമായത് 1990-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലുമാണ്. മൊബൈൽ-മുമ്പുള്ള കാലഘട്ടത്തിൽ പേജറുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.
ഒരു നിർദ്ദിഷ്ട ഫോൺ നമ്പറിലേക്ക് വിളിക്കുന്നതിനോ ഒരു പേജിനോട് പ്രതികരിക്കുന്നതിനോ സ്വീകർത്താവിനെ അറിയിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന നമ്പറുകൾ മാത്രമേ ന്യൂമെറിക് പേജറുകൾക്ക് പ്രദർശിപ്പിക്കാൻ കഴിയൂ. അവ ഏറ്റവും ലളിതവും അടിസ്ഥാനപരവുമായ പേജറാണ്. ആൽഫാന്യൂമെറിക് പേജറുകൾക്ക് അക്ഷരങ്ങളും അക്കങ്ങളും പ്രദർശിപ്പിക്കാൻ കഴിയും. ഇത് ഹ്രസ്വ വാചക ആശയവിനിമയങ്ങൾ ഉൾപ്പെടെ കൂടുതൽ വിശദമായ സന്ദേശങ്ങൾക്ക് ഉപകരിക്കും.ആദ്യകാല മൊബൈൽ ഫോണുകളേക്കാൾ ചില ഗുണങ്ങൾ പേജറുകൾക്കുണ്ട്. വലിയ കവറേജ് ഏരിയയാണ് ഇത്. മൊബൈൽ ഫോൺ സിഗ്‌നൽ ലഭ്യമല്ലാത്ത ഇടങ്ങളിൽ പോലും പേജർ ഉപയോഗിച്ച് കമ്മ്യൂണിക്കേഷൻ സാധ്യമാകും.
ട്രേസ് ചെയ്യാൻ പ്രയാസമുള്ളതാണ് പേജറുകൾ എന്നതാണ് അതിൻറെ രഹസ്യാത്മകത. ഇതാണ് സ്മാർട്ട്‌ഫോണുകളുടെ കാലത്തും പേജർ ഉപയോഗിക്കാനുള്ള ഒരു കാരണം. ഉപയോഗിക്കാനുള്ള എളുപ്പവും ദീർഘമായ ബാറ്ററി ലൈഫും ഇപ്പോഴും എമർജൻസി സർവീസുകൾ അടക്കം പേജർ ഉപയോഗിക്കാൻ കാരണമാകുന്നു.ഇൻറർനെറ്റുമായി ബന്ധപ്പെട്ടല്ല പ്രവർത്തനം എന്നതിനാൽ ആധുനിക ഫോണുകളിലെ പോലെ ചാരപ്പേടിയും സൈബർ ആക്രമണവും ഇല്ലാത്ത പഴയ ഉപകരണമാണ് പേജർ എന്നതും ഹിസ്ബുല്ല ഇതുപയോഗിക്കാൻ കാരണമായിരുന്നു. ഒരു സുരക്ഷിത ആശയവിനിമയ രീതിയായി കണക്കാക്കപ്പെട്ടിരുന്നത് കൊണ്ടാണ് നിരവധി പരിമിതികൾ ഉണ്ടായിട്ടും ഹിസ്ബുള്ള ഇത് ഉപയോഗിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
പൊട്ടിത്തെറിച്ച പേജറുകൾ സമീപ മാസങ്ങളിൽ ഹിസ്ബുല്ല ഉപയോഗിച്ചു തുടങ്ങിയ പുതിയ മോഡലാണത്രേ.പേജറുകളിൽ ലിഥിയം ബാറ്ററികൾ ഘടിപ്പിച്ചിരുന്നുവെന്നും അവയാണ് സ്‌ഫോടനത്തിന് കാരണമായതെന്നും കരുതുന്നു. ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകളുടെ ബാറ്ററി ചൂടുപിടിച്ചു പൊട്ടിത്തെറിക്കുന്ന രീതിയിൽ ഇസ്രയേൽ ഹാക്കിങ് നടത്തിയെന്നാണ് വിവരം. സെൽഫോണുകൾ, ലാപ്ടോപ്പുകൾ, വൈദ്യുത വാഹനങ്ങൾ തുടങ്ങിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ബാറ്ററികൾക്ക് 1,100 ഡിഗ്രി ഫാരൻഹീറ്റ് (590 ഡിഗ്രി സെൽഷ്യസ്) വരെ താപനിലയിൽ കത്താനാകും. മറ്റൊരു ആരോപണവും ഏറ്റവും പുതിയതായി എത്തി. പേജറുകളിൽ ചെറിയ സ്‌ഫോടകവസ്തുക്കളുണ്ടാകാനുള്ള സാധ്യതയാണ് ഇത് പറയുന്നു.
പേജറിന് സമാനമായി മൊബൈൽ ഫോണും ആക്രമണപരമ്പരയ്ക്കുള്ള ഉപകരണമാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. മെബൈൽ ഫോൺ പ്രവർത്തിക്കുന്നതിലും പേജറുകൾ പ്രവർത്തിക്കുന്നതിലും സാങ്കേതിക സംവിധാനങ്ങളിൽ വ്യത്യാസമുണ്ട്. ഇതാണ് മെബൈൽ ഫോണുകളിൽ പേജറിൽ എന്ന പോലെ ഇത്തരം ആയുധവൽക്കരണം സാധ്യമല്ല എന്നു പറയുന്നത്.
Discussion about this post