ബെയ്‌റൂട്ട്: പേജർ- വോക്കി ടോക്കി സ്‌ഫോടനത്തിന് പിന്നാലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളെയും സംശയത്തോടെ കണ്ട് ഹിസ്ബുള്ളയും ലെബനനിലെ ജനങ്ങളും. സമാന രീതിയിൽ ഇനിയും സ്‌ഫോടനങ്ങൾ ആവർത്തിയ്ക്കുമോയെന്ന് ഹിസ്ബുള്ള ഭയക്കുന്നുണ്ട്. മൊബൈൽ ഫോൺ ഉൾപ്പെടെ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണവും സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് ജനങ്ങൾ.
തികച്ചും അപ്രതീക്ഷിതം ആയിട്ടായിരുന്നു പേജറുകളും വോക്കി ടോക്കികളും പൊട്ടിത്തെറിച്ചത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് കണ്ടാണ് ഹിസ്ബുള്ള ആശയ വിനിമയത്തിനായി പേജറുകളും വോക്കി ടോക്കികളും ഉപയോഗിക്കുന്നത്. എന്നാൽ ഇതും സുരക്ഷിതമല്ലെന്ന് കണ്ടതോടെ ഇനി ആശയവിനിമയത്തിനായി എന്ത് ചെയ്യുമെന്നാണ് ഹിസ്ബുള്ള ആലോചിക്കുന്നത്.
ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിയ്ക്കാറുള്ളത് സർവ്വ സാധാരണം ആണെങ്കിലും സ്‌ഫോടക വസ്തു ഉപയോഗിച്ച് സ്‌ഫോടനം നടത്തുന്ന സംഭവത്തിന് ആദ്യമായിട്ടാണ് ലോകം സാക്ഷിയാകുന്നത്. ഈ സാഹചര്യത്തിലാണ് ലെബനൻ ജനത ഇലക്ട്രോണിക് ഉപകരണങ്ങളെ സംശയിക്കുന്നത്. അടുത്തത് എന്താണ് പൊട്ടിത്തെറിയ്ക്കുക എന്നാണ് ഇവർ ഉറ്റുനോക്കുന്നത്. ടിവിയും മൊബൈൽ ഫോണും ടാബ്‌ലെറ്റുകളും ഉൾപ്പെടെ നമ്മൾ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലും സ്‌ഫോടക വസ്തുക്കൾ ഉണ്ടോയെന്നും ഇവർ ആശങ്കപ്പെടുന്നു. ചിലരെല്ലാം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും പിന്മാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലാണ് പേജറുകളും വോക്കി ടോക്കികളും പൊട്ടിത്തെറിച്ച് ഹിസ്ബുള്ള ഭീകരർ മരിച്ചത്. ഇരു സ്‌ഫോടനങ്ങളിലുമായി നിരവധി ഭീകരർ ആയിരുന്നു കൊല്ലപ്പെട്ടത്. ആദ്യം പേജറുകൾ ആയിരുന്നു പൊട്ടിത്തെറിച്ചത്. ഇവരുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്ന ഭീകരരുടെ കൈവശം ഉണ്ടായിരുന്ന വോക്കി ടോക്കികൾ ആണ് പിന്നീട് പൊട്ടിത്തെറിച്ചത്.
Discussion about this post