ന്യൂഡൽഹി: മുൻ സംസ്ഥാനത്ത് നാഷണൽ കോൺഫറൻസും കോൺഗ്രസും ചേർന്ന് സർക്കാർ രൂപീകരിച്ചാൽ ആർട്ടിക്കിൾ 370 ജമ്മു കശ്മീരിൽ തിരിച്ചുവരാൻ കഴിയുമെന്ന പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പരാമർശത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർട്ടിക്കിൾ 370, 35 എ എന്നിവയിൽ കോൺഗ്രസിന്റെയും ജെകെഎൻസിയുടെയും പിന്തുണയെക്കുറിച്ചുള്ള പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കോൺഗ്രസിനെ വീണ്ടും തുറന്നുകാട്ടി. കോൺഗ്രസിനും പാകിസ്താനും ഒരേ ഉദ്ദേശവും അജണ്ടയും ഉണ്ടെന്ന് ഈ പ്രസ്താവന ഒരിക്കൽ കൂടി വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധി കഴിഞ്ഞ കുറച്ച് വർഷങ്ങളായി എല്ലാ ഇന്ത്യാ വിരുദ്ധ ശക്തികളോടും ഒപ്പം നിൽക്കുന്നുവെന്നും ഇത് രാജ്യത്തെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുകയാണെന്നും അമിത് ഷാ പറഞ്ഞു. വ്യോമാക്രമണങ്ങളുടെയും സർജിക്കൽ സ്ട്രൈക്കുകളുടെയും തെളിവ് ചോദിക്കുകയോ ഇന്ത്യൻ സൈന്യത്തെ കുറിച്ച് ആക്ഷേപകരമായ കാര്യങ്ങൾ പറയുകയോ ചെയ്യട്ടെ, രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് പാർട്ടിയുടെയും പാക്കിസ്ഥാന്റെയും രാഗം എല്ലായ്പ്പോഴും ഒന്നുതന്നെയാണ്, കോൺഗ്രസ് എന്നും ദേശവിരുദ്ധ ശക്തികളുമായി കൈകോർക്കുന്നു. അമിത് ഷാ കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് കോൺഗ്രസും പാകിസ്താനും മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്ന വിഷയത്തിൽ ഷെഹ്ബാസ് ഷെരീഫ് സർക്കാരും കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യവും ഒരേ നിലപാടിലാണെന്നായിരുന്നു പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ പരാമർശം. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം വിജയിച്ച് കേന്ദ്രഭരണപ്രദേശത്ത് അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന് ഖവാജ ആസിഫ് പറഞ്ഞു.
Discussion about this post