വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം തന്നെ കാഴ്ചവയ്ക്കാൻ ഒരുങ്ങി ബിജെപി. കേരളത്തില്‍ 21,065 സ്ഥാനാര്‍ത്ഥികളാണ് എന്‍ഡിഎയുടേയും എന്‍ഡിഎ പിന്തുണയോടെയും മത്സരരംഗത്തുള്ളത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷാണ് ഈ കാര്യം വ്യക്തമാക്കിയത്. 19, 871 സ്ഥാനാര്‍ത്ഥികളാണ് താമര ചിഹ്നത്തില്‍ കേരളത്തിൽ മത്സരിക്കുന്നത്. ഒരു പാര്‍ട്ടിയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന പാര്‍ട്ടി ബിജെപിയായി മാറി. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ചിഹ്നം താമരയാണ്. 89.5 ശതമാനം സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിക്കൊണ്ട് ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. നഗരസഭകളില്‍ 99 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികൾ മത്സരിപ്പിക്കുന്നുണ്ട്. ബ്ലോക്കില്‍ 93 ശതമാനം സീറ്റുകളിലും ബിജെപി- എന്‍ഡിഎ സഖ്യം മത്സരിപ്പിക്കുന്നുണ്ട്.
അതേസമയം കോണ്‍ഗ്രസിലും സിപിഎമ്മിലും വിമതശല്യം രൂക്ഷമാണ്. തിരുവനന്തപുരത്ത് തന്നെ ഏഴു വിമത സ്ഥാനാര്‍ത്ഥികളാണ് സിപിഎമ്മിലുള്ളത്. കോണ്‍ഗ്രസിൽ അഞ്ചു വിമതര്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നു. സത്രീ സുരക്ഷാഫോമുകളുടെയും ക്ഷേമ പെന്‍ഷന്റേയും പേരില്‍ ഭരണസംവിധാനമുപയോഗിച്ച് സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സ്ഥാനാര്‍ത്ഥിയോടൊപ്പം സിപിഎമ്മിന്റെ നേതാക്കന്മാര്‍ വീടുകള്‍ തോറും കയറി ‘സ്ത്രീ സുരക്ഷ പെന്‍ഷന്‍ ഫോമുകള്‍’ എന്ന പേരില്‍ വിതരണം ചെയ്യുകയാണ്.
ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് വ്യാപകമായി ഉയരുന്ന പരാതി.സ്ത്രീ സുരക്ഷ പെന്‍ഷന്‍ പദ്ധതിയുടെ പേരില്‍ സിപിഎം ഫോമുകള്‍ വിതരണം ചെയ്യുന്ന രീതി ചട്ടലംഘനമായിക്കണ്ട് പരാതിലഭിക്കുന്ന ഇടങ്ങളില്‍ നടപടി കൈക്കൊള്ളണമെന്ന് കേരള ഇലക്ഷന്‍ കമ്മീഷനോട് ബിജെപി ആവശ്യപ്പെട്ടിരുന്നു. .
പരാജയഭീതി മൂലം സിപിഎം ക്ഷേമ പെന്‍ഷന്‍ കിട്ടുന്നവരുടെ യോഗങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ഒരുമിച്ച് വിളിക്കുകയാണ്. ഞങ്ങള്‍ക്ക് പിണറായി വിജയനോട് പറയാനുള്ളത്, കേരളത്തില്‍ ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നത് അങ്ങയുടെ കുടുംബസ്വത്തില്‍ നിന്നല്ല. കേരളത്തിലെ ക്ഷേമ പെന്‍ഷന്‍ അങ്ങയുടെയോ അങ്ങയുടെ പാര്‍ട്ടിയുടെയോ ഔദാര്യവുമല്ല. അത് അര്‍ഹരായിട്ടുള്ള പാവങ്ങളുടെ അവകാശമാണ്. ക്ഷേമ പെന്‍ഷന്‍ കിട്ടേണ്ടവരെ പിച്ചച്ചട്ടി എടുപ്പിച്ച പിണറായി വിജയന്‍ ഇപ്പോള്‍ ക്ഷേമ പെന്‍ഷന്റെ പേരില്‍ ആള്‍ക്കാരെ വിളിച്ചുകൂട്ടുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നും സുരേഷ് ആരോപിച്ചു. ഇത്തരത്തില്‍ ഭരണ സംവിധാനം ഉപയോഗിച്ച് വശീകരിക്കാനും പ്രലോഭിപ്പിക്കാനും അതിലൂടെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്നും ബിജെപി വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ വിവസ്ത്രയാക്കി നിര്‍ത്തിയിരിക്കുകയാണെന്ന് സുരേഷ് ആരോപിച്ചു.
കോണ്‍ഗ്രസിന്റെ നാഷണല്‍ ജനറല്‍ സെക്രട്ടറി മുതല്‍ കെപിസിസി നേതാക്കന്മാര്‍ എല്ലാം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍പില്‍ നിന്ന് വിറയ്ക്കുകയാണ്. അതിനെതിരെ പ്രതികരിക്കാനുള്ള ശേഷി പോലും കെ സി വേണുഗോപാല്‍ മുതല്‍ ഇങ്ങോട്ടുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഇല്ലാതെ പോയത് അവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഭയക്കുന്നത് കൊണ്ടാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എന്തെങ്കിലും നടപടി എടുത്താല്‍ തങ്ങളുടെ കള്ളക്കളികളും അതോടൊപ്പം തന്നെ പുറംപൂച്ചും പുറത്തുവരും എന്നുള്ള ഭയമാണ് കെ സി വേണുഗോപാലും വി ഡി സതീശനും ഉള്‍പ്പെടെയുള്ള മുഴുവന്‍ നേതാക്കന്മാരെയും ഇന്ന് ബാധിച്ചിരിക്കുന്നത്.
പക്ഷേ ഈ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാന്‍ എന്താണ് പിണറായി വിജയനെ പിന്തിരിപ്പിക്കുന്ന ഘടകമെന്ന് മനസ്സിലാകുന്നില്ല. ഞങ്ങള്‍ക്ക് പറയാനുള്ളത് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി പടിയടച്ച് പിണ്ഡം വയ്ക്കാന്‍ ഇവിടുത്തെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. അയാളെ ജയിലഴികള്‍ക്കുള്ളിലാക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം, കേരളത്തിലെ പൊതുപ്രവര്‍ത്തന സംസ്‌കാരത്തിന് മുഴുവന്‍ അപമാനമാണ് ഈ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിട്ടുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍. അയാളെ ഇങ്ങനെ അഴിച്ചുവിടാന്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഒരു ഗൂഢാലോചന ഉണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുരേഷ് പറഞ്ഞു.













Discussion about this post