ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം അവസാനിച്ചതിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ദക്ഷിണാഫ്രിക്കൻ മുഖ്യ പരിശീലകൻ ശുക്രി കോൺറാഡ് നടത്തിയ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടു. അവസാന ദിവസം 500 റൺസ് പിന്തുടരാൻ ഇന്ത്യയെ ഏല്പിച്ചതിന് ശേഷം തങ്ങൾ ഇന്ത്യയെ’ ഗ്രോവൽ ‘ ചെയ്യാൻ ആഗ്രഹിച്ചതെന്ന് കോൺറാഡ് പറഞ്ഞു. ക്രിക്കറ്റ് ലോകം നിമിഷങ്ങൾക്കകം ചർച്ചയാക്കിയ ഈ പരാമർശത്തിന് പിന്നാലെ അനിൽ കുംബ്ലെ, ചേതേശ്വർ പൂജാര തുടങ്ങിയ മുൻ താരങ്ങൾ കോൺറാഡ് ഇത്തരമൊരു പ്രസ്താവന നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ്.
“മത്സരത്തിൽ നിന്ന് അവരെ പൂർണ്ണമായും പുറത്താക്കി, അവസാന ദിവസവും ഇന്ന് വൈകുന്നേരം ഒരു മണിക്കൂറും വന്ന് പിടിച്ചുനിൽക്കാൻ ഞങ്ങൾ അവരോട് പറയുകയായിരുന്നു” എന്നാണ് കോൺറാഡിന്റെ പത്രസമ്മേളനത്തിലെ വാക്കുകൾ.
ദക്ഷിണാഫ്രിക്ക പോലുള്ള ഒരു ടീം വിനയാന്വിതരായിരിക്കുമെന്ന്, പ്രത്യേകിച്ച് ഇന്ത്യയ്‌ക്കെതിരായ ചരിത്ര വിജയത്തിന്റെ വക്കിൽ നിൽക്കുമ്പോൾ,താൻ പ്രതീക്ഷിക്കുന്നതായി ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ കുംബ്ലെ പറഞ്ഞു. “ഇതിന് ഒരു ചരിത്രമുണ്ട്. അമ്പത് വർഷങ്ങൾക്ക് മുമ്പ്, ഒരു ഇംഗ്ലണ്ട് ക്യാപ്റ്റൻ മഹത്തായ വെസ്റ്റ് ഇൻഡീസ് ടീമിനെതിരെ ഇതേ വാചകം ഉപയോഗിച്ചു, തുടർന്ന് എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവർക്കും അറിയാം,” അദ്ദേഹം പറഞ്ഞു. “ദക്ഷിണാഫ്രിക്ക പരമ്പര ജയിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ട്, പക്ഷേ നിങ്ങൾ നല്ല നിലയിൽ നിൽക്കുമ്പോൾ നിങ്ങളുടെ വാക്കുകളുടെ തിരഞ്ഞെടുപ്പാണ് പ്രധാനം. അത്തരം സമയങ്ങളിൽ വിനയമാണ് ഏറ്റവും പ്രധാനം. പരിശീലകനിൽ നിന്നോ സപ്പോർട്ട് സ്റ്റാഫിൽ നിന്നോ ഞാൻ തീർച്ചയായും ഇത് പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങൾ വിജയിക്കുമ്പോൾ, ആദ്യം ചെയ്യേണ്ടത് വിനയാന്വിതനായിരിക്കുക എന്നതാണ്, ഒരു പത്രസമ്മേളനത്തിലും ഇതുപോലൊന്ന് പറയരുത്.”
അഞ്ചാം ദിവസത്തെ കളി ആരംഭിക്കുന്നതിന് മുമ്പ്, അത്തരമൊരു വാചകം ഇന്ത്യൻ ടീമിനെ ഉത്തേജിപ്പിക്കുമെന്ന് പൂജാര പ്രതീക്ഷ പ്രകടിപ്പിച്ചു. “ഇത് ടീമിനെ ഉത്തേജിപ്പിക്കുന്നു, പക്ഷേ അത് വേദനിപ്പിക്കും. ഡ്രസ്സിംഗ് റൂമിൽ ആ പ്രസ്താവന അത്ര നല്ലതല്ലെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു. “പക്ഷേ അതിന് ഉത്തരം നൽകാനുള്ള ഏറ്റവും നല്ല മാർഗം മൂന്ന് സെഷനുകളിൽ ബാറ്റുകൊണ്ട് പോരാട്ടം നടത്തുക, കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കുക എന്നതാണ്. ഞങ്ങൾ ഈ സ്ഥാനത്ത് എത്തിയിരിക്കുന്നത് ഞങ്ങൾ നല്ല ക്രിക്കറ്റ് കളിക്കാത്തതുകൊണ്ടാണ്, മറുപടി വാക്കുകളിലൂടെയല്ല, ബാറ്റിലൂടെയാണ് വരേണ്ടത്.”
എന്താണ് ക്രികറ്റിൽ ഗ്രോവൽ എന്ന വാക്കിന്റെ പ്രത്യേകത എന്നല്ലേ? 1976ൽ ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ദക്ഷിണാഫ്രിക്കൻ വംശജനായ ഇംഗ്ലണ്ട് ക്യാപ്റ്റൻ ടോണി ഗ്രെയ്ഗ്, തന്റെ ടീം വെസ്റ്റ് ഇൻഡീസിനെ “ഗ്രോവൽ” ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഇത് വലിയ വിവാദമാവുകയാണ് ചെയ്തത്. അന്ന് കോളോണിയൽ ചരിത്രത്തിന്റെയും വംശീയ വെറികളും ഒകെ നിന്ന കാലത്ത് ഈ വാക്ക് വെസ്റ്റ് ഇൻഡീസ് താരങ്ങളെ ഉത്തേജിപ്പിച്ചു. അവർ ആ പരമ്പര 3 – 0 ന് ജയിച്ചു.













Discussion about this post