ഗുവാഹത്തി ടെസ്റ്റിന്റെ നാലാം ദിനത്തിൽ എന്തുകൊണ്ടാണ് വളരെ വൈകി തങ്ങൾ ഡിക്ലറേഷൻ പ്രഖ്യാപിച്ചത് എന്ന ചോദ്യത്തിന് മറുപടിയുമായി ദക്ഷിണാഫ്രിക്കയുടെ മുഖ്യ പരിശീലകൻ ശുക്രി കോൺറാഡ്. ഇന്ത്യൻ താരങ്ങൾ ശരിക്കും കഷ്ടപ്പെടുകയും ക്ഷീണിക്കുകയും ചെയ്യുന്നത് കാണാനാണ് തങ്ങൾ ആഗ്രഹിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ കഴിയുന്നത്ര സമയം മൈതാനത്ത് ചെലവഴിക്കണമെന്നും അവസാന ദിവസത്തെ ആദ്യ സെഷനിൽ ന്യൂ ബോളിൽ ആക്രമണം കൊണ്ട് അവരെ വീഴ്ത്തും എന്ന് ഉറപ്പാണെന്നും പരിശീലകൻ പറഞ്ഞു.
ഉച്ചഭക്ഷണത്തിന് ശേഷവും ബാറ്റ് ചെയ്യാനുള്ള ദക്ഷിണാഫ്രിക്കയുടെ തീരുമാനം ചില ക്രിക്കറ്റ് വിദഗ്ധരുടെ വിമർശനത്തിന് വിധേയമായി. ആവശ്യത്തിന് ലീഡ് ഉണ്ടായിട്ടും എന്താണ് സൗത്താഫ്രിക്ക ഇത്രയും വൈകി ഒരു തീരുമാനം എടുത്തത് എന്ന് പലരും ചോദിച്ചു. ഉച്ചഭക്ഷണ സമയത്ത് 508 റൺസിന്റെ ലീഡ് ഉണ്ടായിരുന്നിട്ടും, സൗത്താഫ്രിക്ക വീണ്ടും ബാറ്റിംഗിന് ഇറങ്ങുക ആയിരുന്നു. എന്തായാലും സെഞ്ചുറിയിലേക്ക് കുതിച്ച ട്രിസ്റ്റൻ സ്റ്റബ്സിനെ രവീന്ദ്ര ജഡേജ, 94 റൺസിന് പുറത്താക്കിയതിന് പിന്നാലെ അവർ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുക ആയിരുന്നു .
“ന്യൂ ബോൾ എങ്ങനെ ഉപയോഗിക്കണമെന്ന് ഞങ്ങൾ വ്യക്തമായി പരിശോധിച്ചു, അഞ്ചാം ദിവസത്തിൽ രാവിലെ ഒരു ന്യൂ ബോളിൽ കിട്ടുന്ന എല്ലാ ആധിപത്യവും ഞങ്ങൾക്ക് വേണമായിരുന്നു. ഒരുപാട് നേരത്തെ ഡിക്ലയർ ചെയ്ത് പേസ് ബോളർമാർക്ക് കിട്ടുന്ന ആധിപത്യം നശിപ്പിക്കാൻ ആഗ്രഹിച്ചില്ല.”
“പിന്നെ, വ്യക്തമായും, ഇന്ത്യൻസ് ഫീൽഡിൽ കൂടുതൽ സമയം ചെലവഴിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു, അവർ ശരിക്കും വിറക്കണം എന്നും ക്ഷീണിക്കണം എന്നും ഞങ്ങൾ തീരുമാനിച്ചു. അതുകൊണ്ടാണ് നാലാം ദിവസം കുറച്ചു സമയം മാത്രം ബാക്കി നിൽക്കെ അവരെ ബാറ്റിംഗിന് അയച്ചത്. ഇന്നലെ തന്നെ 2 വിക്കറ്റ് അവരുടെ വീഴ്ത്തിയ ഞങ്ങൾ അഞ്ചാം ദിനവും മികവ് തുടരും.”
എന്തായാലും ഇന്ന് ടെസ്റ്റിന്റെ അവസാന ദിനം പരിശീലകൻ പറഞ്ഞത് പോലെ മികച്ച രീതിയിലാണ് അദ്ദേഹത്തിന്റെ കുട്ടികൾ പന്തെറിയുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 81 – 5 എന്ന നിലയിലാണ് ഇന്ത്യ. മത്സരങ്ങൾ സമനിലയിലാക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് ഇപ്പോൾ ടീം.













Discussion about this post