ഒരു മാറ്റവും ഉണ്ടായില്ല ഫലത്തിനും, ഇന്ത്യയുടെ രീതിക്കും. ഗുവാഹത്തി ടെസ്റ്റിൽ സൗത്താഫ്രിക്ക ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യക്ക് 408 റൺസിന്റെ കൂറ്റൻ തോൽവി. അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രം ഇന്ന് ഇന്ത്യ സമനിലയെങ്കിലും നേടും എന്നതായിരുന്നു സാഹചര്യം എങ്കിൽ ഒരു സെക്ഷൻ മാത്രം പിടിച്ചുനിന്ന ഇന്ത്യ 140 റൺസിന് പുറത്തായി. 6 വിക്കറ്റുകൾ നേടിയ സൈമൺ ഹർമർ ആണ് ഇന്ത്യയെ തകർത്തെറിഞ്ഞത്. ഇതോടെ പരമ്പരയിൽ ഇന്ത്യ സമ്പൂർണ തോൽവി നേരിട്ടിരിക്കുകയാണ്( 0-2)
ഇന്നലെ 27 – 2 എന്ന നിലയിൽ ദിവസത്തെ കളിയവസാനിപ്പിച്ച നൈറ്റ് വാച്ച് മാൻ കുൽദീപ് യാദവ് ( 5 ) വിക്കറ്റാണ് തുടക്കത്തിലെ നഷ്ടമായി. ഹർമർ ആണ് അദ്ദേഹത്തിന്റെ വിക്കറ്റ് എടുത്തത്. പിന്നെ നടന്നത് ഡ്രസിങ് റൂമിലേക്ക് ഒരു കൂട്ട പ്രദക്ഷിണം ആയിരുന്നു. ഹാമറിന്റെ മാജിക്ക് പന്തുകൾക്ക് മുന്നിൽ ജുറൽ ( 2 ) ഋഷഭ് പന്ത് ( 13 ) വാഷിംഗ്‌ടൺ സുന്ദർ ( 16 ) നിതീഷ് കുമാർ റെഡ്ഢി( 0 ) തുടങ്ങിയവർ എല്ലാം സൈമൺ ഹർമറിന്റെ പന്തുകൾക്ക് മുന്നിൽ ഉത്തരമില്ലാതെ വീണു.
87 പന്തിൽ 54 റൺസ് നേടി അൽപ്പമെങ്കിലും പൊരുതി നോക്കിയ രവീന്ദ്ര ജഡേജ കൂടി ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻ ഇന്നിങ്സിന്റെ സ്ഥിതി അതിദയനീയം ആകുമായിരുന്നു. കളിയുടെ എല്ലാ മേഖലയിലും മികച്ച് നിന്ന ആഫ്രിക്ക ഈ രണ്ട് ടെസ്റ്റിലും തകർപ്പൻ പ്രകടനമാണ് നടത്തിയത്. അതിനാൽ തന്നെ അവർ ഈ പരമ്പര തൂത്തുവാരിയത് അർഹിച്ചു എന്ന് തന്നെ പറയാം.
കിവീസിനെതിരായ പരമ്പര കഴിഞ്ഞ വർഷം പരാജയപ്പെട്ട ഇന്ത്യക്ക് ഈ പരമ്പര തോൽവി കൂടിയതോടെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട സ്ഥിതിയിൽ കാര്യങ്ങളെത്തിച്ചേർക്കുകയാണ്. പരിശീലകൻ ഗംഭീറിന്റെ കാര്യത്തിൽ എന്ത് തീരുമാനം ഉണ്ടാകും എന്ന് കണ്ടറിയണം.











Discussion about this post