ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ നേരിടുന്ന ബാറ്റിംഗ് തകർച്ചക്ക് പിന്നാലെ, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണോ സായ് സുദർശനോ ആയിരിക്കും ടെസ്റ്റിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ മിടുക്കനായ കളിക്കാരെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 124 റൺസ് പിന്തുടരുന്നതിൽ പരാജയപ്പെട്ടു തോൽവി ചോദിച്ച് വാങ്ങിയിരുന്നു. ടെംബ ബവുമയുടെ നേതൃത്വത്തിലുള്ള സൗത്താഫ്രിക്ക അവരെ 30 റൺസിന് പരാജയപ്പെടുത്തി രണ്ട് മത്സര ടെസ്റ്റ് മത്സര പരമ്പരയിൽ 1-0 ന് മുന്നിലെത്തി. ഇപ്പോൾ നടക്കുന്ന രണ്ടാം ടെസ്റ്റിലും തോൽവിയുടെ തൊട്ടടുത്ത് നിൽക്കുന്ന ഇന്ത്യ ടെസ്റ്റിലെ തങ്ങളുടെ ദയനീയ പ്രകടനം തുടരുകയാണ്.
രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ ബാറ്റിംഗ് ഓർഡറിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. ആദ്യ ടെസ്റ്റിൽ വാഷിംഗ്ടൺ സുന്ദർ ആയിരുന്നു മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തത്, ഗുവാഹത്തി ടെസ്റ്റിൽ സായ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ വന്നു. എന്നിരുന്നാലും, സ്പോർട്സ് ടാക്കുമായുള്ള എക്സ്ക്ലൂസീവ് ചാറ്റിൽ, ചേതേശ്വർ പൂജാരയെയോ വിരാട് കോഹ്‌ലിയെയോ പോലെ ഇന്ത്യയ്ക്ക് മൂന്നാം നമ്പറിൽ ഒരു മികച്ച കളിക്കാരനെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
“ശുബ്മാൻ ഗില്ലിന് മുകളിൽ ഒരു കളിക്കാരന് ബാറ്റ് ചെയ്യാൻ കഴിയുമെന്ന് അവർ കരുതി, അവർ സായ് സുദർശനെയും വാഷിംഗ്ടൺ സുന്ദറിനെയും പരീക്ഷിച്ചു. ടീം കോമ്പിനേഷനുകൾക്കായി തിരയുകയായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. ശുഭ്മാൻ വീണ്ടും ടീമിൽ ചേരുമ്പോൾ കാര്യങ്ങൾ ശരിയാകും, പക്ഷേ, മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ സഞ്ജു സാംസൺ ശരിയായ ഓപ്ഷനാണെന്ന് ഞാൻ കരുതുന്നു, കാരണം നിങ്ങൾക്ക് യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും മുകളിലുണ്ട്. മൂന്നാം നമ്പറിൽ ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി എന്നിവരെപ്പോലെ മികച്ച ഒരു കളിക്കാരനെ നിങ്ങൾക്ക് ആവശ്യമാണ്. മൂന്നാം നമ്പർ ബാറ്റ്‌സ്മാനായി ഉപയോഗിക്കാൻ കഴിയുന്ന രണ്ട് കളിക്കാരാണ് സായ് സുദർശനും സഞ്ജു സാംസണും” സുരേഷ് റെയ്‌ന പറഞ്ഞു.
രോഹിത്തും വിരാടും വിരമിച്ചതിന് ശേഷം സഞ്ജു ഇന്ത്യയുടെ ടി20 ടീമിൽ സ്ഥാനം ഉറപ്പിച്ചെങ്കിലും ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.












Discussion about this post