പ്രണയം. ലോകത്തെ സുന്ദരമായ ഒരു അനുഭൂതിയെന്ന് പറയാം. എല്ലാവരും ഒരിക്കൽ പ്രണയിക്കപ്പെട്ടവരോ പ്രണയിക്കപ്പെടാൻ ആഗ്രഹിക്കുന്നവരോ ആയിരിക്കും. പ്രണയിതാക്കൾക്കിടയിൽ ആ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നതിന് ആശയവിനിമയത്തിന് വലിയ പങ്കാണുള്ളത്. ഇന്നത്തെ പോലെ മൊബൈൽഫോണുകളോ സോഷ്യൽമീഡിയകളോ ഇല്ലാതിരുന്ന കാലത്ത് ഉള്ളുതുറന്ന് സംസാരിക്കാൻ ആളുകൾ ഉപയോഗിച്ചിരുന്നത് കത്തുകളായിരുന്നു. ഓരോ ജോഡികളുടെയും സ്വപ്‌നങ്ങളും സല്ലാപങ്ങളുമായിരുന്നു പ്രണയലേഖനങ്ങളിൽ നിറയെ. നേരിട്ട് കത്തുകൊടുക്കുകയോ അല്ലെങ്കിൽ പോസ്റ്റൽവഴി അയക്കുകയോ ചെയ്താണ് പ്രേമലേഖനങ്ങൾ അന്നൊക്കെ കൈമാറിയിരുന്നത്.
പ്രണയദൂതുമായ പോകുന്ന ഹംസത്തെ പോലെ ഒരുപാട് പ്രേമലേഖനങ്ങൾ കണ്ട ഒരു മരത്തിന്റെ കഥ കേട്ടിട്ടുണ്ടോ? നാടോടിക്കഥകളെ വെല്ലുന്ന യഥാർത്ഥ സംഭവകഥയാണ് ജർമ്മനിയിലെ യൂടിൻ ടൗണിന് പുറത്ത് ആകാശം മുട്ടെ വളർന്ന് നിൽക്കുന്ന ഓക്ക് മരത്തിന് പറയാനുള്ളത്. അഞ്ഞൂറ് വർഷത്തിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ മരമുത്തശ്ശന്റെ പക്കൽ പ്രണയസാക്ഷാത്ക്കാരത്തിനായി നിരവധി പേരാണ് എത്തുന്നത്. നിരവധി പേരാണ് ഓക്ക് മരത്തിന് സമീപമെത്തി കത്തുകൾ എഴുതുന്നതും ഓക്ക് മരത്തിന് കത്തെഴുതുന്നതും. ഒരു പക്ഷേ സ്വന്തമായി പോസ്റ്റൽ അഡ്രസ്സുള്ള ലോകത്തിലെ ഒരേയൊരു മരം ഇതാവും. 1927 ലാണ് ജർമ്മൻ തപാൽ വകുപ്പ് ഈ മരത്തിന് സ്വന്തമായി തപാൽകോഡ് നൽകിയത്.
ജർമനിയിലെ ഷ്‌ലെസ്വിഗ് ഹോൾസ്റ്റീനിലെ യൂട്ടിന് സമീപമുള്ള ഡോഡൗവർ ഫോർസ്റ്റ് വനത്തിലെ ഈ ഓക്ക് മരം, ‘ബ്രൈഡ്ഗ്രൂംസ് ഓക്ക്’ എന്നാണ് അറിയപ്പെടുന്നത്.നിലത്തു നിന്ന് മൂന്ന് മീറ്ററോളം ഉയരത്തിലാണ് മരത്തിൻറെ പോസ്റ്റ് ബോക്‌സ് എന്നറിയപ്പെടുന്ന പൊത്തുള്ളത്. ഈ പൊത്തിലാണ് കത്തുകൾ നിക്ഷേപിക്കുക. ഈ കത്തുകൾ ആർക്ക് വേണമെങ്കിലും തുറന്നു വായിക്കാം, മറുപടി എഴുതാം. അതായത് പ്രണയം ഇല്ലാത്തവർക്കു പോലും വേണമെങ്കിൽ മരത്തിന് കത്തെഴുതാം. കത്ത് തുറന്ന് വായിച്ച് നിങ്ങൾക്ക് മറുപടി എഴുതുന്നയാൾ ഒരു പക്ഷേ പിന്നീട് നിങ്ങളുടെ പ്രണയിതാവായേക്കാം. അങ്ങനെ രണ്ട് പേർക്കിടയിൽ പ്രണയം ഉടലെടുക്കാനും ഈ മരം കാരണമാകാറുണ്ട്.
എങ്ങനെയാണ് ഈ ഓക്ക് മരം പ്രണയത്തിന്റെ ദൂതനായത് ?1890 -ൽ മിന്ന എന്നു പേരായ ഒരു യുവതി വില്യം എന്ന് പേരായ ഒരു ചോക്കലേറ്റ് മേക്കറുമായി പ്രണയത്തിലാവുന്നു. മിന്നയുടെ അച്ഛൻ അവരുടെ പ്രണയത്തിന് എതിരായിരുന്നു. തമ്മിൽ കാണുന്നതുപോലെ വിലക്കപ്പെട്ടിരുന്നു. അച്ഛൻ കാണാതെ കാമുകന് കത്ത് നൽകാൻ ഓഹർട്ട് കണ്ടെത്തിയ വഴിയായിരുന്നു ഈ മരത്തിൻറെ പൊത്ത്. കത്തുകളിലൂടെ പ്രണയം വീണ്ടും കടുത്തപ്പോൾ അച്ഛൻ വിട്ടുവീഴ്ചയ്ക്ക് തയാറാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഈ മരത്തിൻറെ മുന്നിലാണ് ഇരുവരും വിവാഹിതരായത്. അന്നു മുതൽ മരം മുഖേന കത്ത് കൈമാറിയാൽ തടസ്സങ്ങൾ മാറി പ്രണയം സഫലമാകുമെന്ന ചിന്ത എല്ലാവരിലുമെത്തി. അങ്ങനെ ഓക്ക് മരത്തെ തേടി കത്തുകൾ എത്താൻ തുടങ്ങി.
വർഷത്തിൽ ആയിരത്തിലധികം കത്തുകൾ ഈ മരത്തിന്റെ വിലാസത്തിൽ വന്നുചേരാറുണ്ട്.നൂറുകണക്കിന് വിവാഹമാണ് ഈ ഓക്കുമരത്തെ സാക്ഷിയാക്കി നടന്നിരിക്കുന്നത്.
Discussion about this post