അമരാവതി; തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിൽ പോത്തിന്റെ കൊഴുപ്പും മീനെണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്.ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡിലെ സെന്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് പുറത്തിറക്കിയ ഒരു റിപ്പോർട്ടിലാണ് തിരുപ്പതി ലഡ്ഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി വ്യക്തമാക്കുന്നത്.
ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാറിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം ഗുണമേന്മ ഇല്ലാത്തതാണെന്നും ലഡു തയ്യാറാക്കാൻ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പുറത്തുവന്ന ഈ ലാബ് റിപ്പോർട്ട്. ലഡ്ഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പും മീനെണ്ണെയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്.
നേരത്തെ കഴിഞ്ഞ നാല് വർഷമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡ് തങ്ങളിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ലെന്ന് കർണാടക മിൽക്ക് ഫെഡറേഷനും വ്യക്തമാക്കിയിരുന്നു. ശുദ്ധമായ നെയ്യാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നും ക്ഷേത്രത്തിൽ എല്ലാം അണുവിമുക്തമാക്കിയെന്നും ഗുണനിലവാരം മെച്ചപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സംഭവം പുറത്ത് വന്നതോടെ ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയഭാവി തന്നെയാണ് തുലാസിലായിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും വലിയ പ്രത്യാഘാതം ഉണ്ടാക്കാൻ സാധിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
Discussion about this post