ന്യൂയോർക്ക്: സ്വർഗ്ഗം കണ്ടിട്ടുണ്ടെന്ന അവകാശവാദവുമായി അമേരിക്കയിലെ ഡോക്ടർ. ന്യൂറോസർജൻ ആയ ഡോ. ഇബെൻ അലക്‌സാണ്ടറാണ് സ്വർഗം കണ്ടിട്ടുണ്ടെന്ന അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയത്. സ്വർഗത്തിൽ കണ്ട കാര്യങ്ങളെക്കുറിച്ചും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്.
2008 ൽ അസുഖം ബാധിച്ച് അബോധാവസ്ഥയിൽ ആയിരുന്നപ്പോഴായിരുന്നു സ്വർഗ്ഗം കണ്ടത് എന്നാണ് ഇബെൻ പറയുന്നത്. 2008 ൽ രാവിലെ എഴുന്നേറ്റ ഇബെന് കലശലായ തലവേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ വെർജീനിയയിലെ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ചികിത്സ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാൾ കോമയിൽ ആകുകയായിരുന്നു. ബാക്ടീരിയൽ മെനഞ്ചൈറ്റിസായിരുന്നു അദ്ദേഹത്തെ ബാധിച്ചിരുന്നത്. തലച്ചോറിലെ ഭാഗങ്ങൾ ഇവ തിന്ന് നശിപ്പിക്കാൻ ആരംഭിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം അബോധാവസ്ഥയിലായത്.
ബോധം പോയി മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്വർഗ്ഗത്തിൽ എത്തിയെന്നായിരുന്നു അദ്ദേഹം പറയുന്നത്. ഭൂമിയ്ക്ക് അടിയിൽ ആരോ കുഴിച്ചിടുന്നത് പോലെയാണ് ആദ്യം തോന്നിയത്. ഇതിന് ശേഷം ആ ഭാഗത്തേയ്ക്ക് ആകാശത്ത് നിന്നും ഒരു പ്രകാശം വന്നെത്തി. സ്വർണം, വെള്ളി നിറങ്ങളായിരുന്നു ഈ പ്രകാശത്തിന് ഉണ്ടായിരുന്നത്. ഇവിടെ നിന്നും അതിമനോഹരമായ സംഗീതം കേട്ടുവെന്നും ഇബെൻ അവകാശപ്പെടുന്നു.
സംഗീതം കേൾക്കേ തന്നെ താൻ പച്ചപ്പ് നിറഞ്ഞ മറ്റൊരു സ്ഥലത്ത് എത്തി. അവിടെ വെള്ളച്ചാട്ടങ്ങളും പൂളുകളും കണ്ടു. പിങ്കും വെളുപ്പും നിറത്തിലുള്ള മേഘങ്ങൾ ആയിരുന്നു അവിടെ മൊത്തം. അതേസമയം ആകാശം കറുപ്പും നീലയും നിറത്തിൽ കാണപ്പെട്ടു.
ഭൂമി പോലെ തന്നെ വിശാലമാണ് സ്വർഗം. ഇവിടെവച്ച് സുന്ദരിയായ പെൺകുട്ടിയെ കണ്ടെത്തി. അവളെ കണ്ടപ്പോൾ തനിക്ക് അതിയായ സന്തോഷം തോന്നി. താൻ കണ്ടതിൽവച്ച് ഏറ്റവും മനോഹരമായ സ്ഥലമാണ് സ്വർഗ്ഗമെന്നും ഇബെൻ പറയുന്നുണ്ട്.
Discussion about this post