ന്യൂഡൽഹി; ജനുവരിയിൽ, അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ, തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് 300 കിലോഗ്രാം ‘പ്രസാദം’ ഭക്തർക്ക് വിതരണം ചെയ്തതായി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്.തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ലഡ്ഡൂ തയ്യാറാക്കാൻ നെയ്യിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ.
എത്ര ലഡ്ഡൂകൾ കൊണ്ടുവന്നുവെന്ന് കൃത്യമായി എനിക്കറിയില്ല. ട്രസ്റ്റിന് അറിയും. എന്നാൽ, ഏത് ലഡു വന്നാലും പ്രസാദം ഭക്തർക്ക് വിതരണം ചെയ്തു. മൃഗക്കൊഴുപ്പിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ അപകടകരമായ ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.പ്രസാദത്തിൽ മൃഗക്കൊഴുപ്പ് കലർത്തിയിട്ടുണ്ടെങ്കിൽ അത് പൊറുക്കാനാകില്ലെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രമുഖ ഡയറി ബ്രാൻഡായ അമൂൽ. തങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളാണ് കമ്പനി നിഷേധിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ഒരിക്കലും നെയ്യ് വിതരണം ചെയ്തിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. തങ്ങളുടെ അത്യാധുനിക ഉൽപ്പാദന കേന്ദ്രങ്ങളിൽ പാലിൽ നിന്നാണ് നെയ്യ് നിർമ്മിക്കുന്നത്. അവ ഐഎസ്ഒ സർട്ടിഫൈഡ് ആണ്. ഉയർന്ന ഗുണമേന്മയുള്ള ശുദ്ധമായ പാൽ കൊഴുപ്പിൽ നിന്നാണ് അമൂൽ നെയ്യ് നിർമ്മിക്കുന്നത്. തങ്ങളുടെ ഡയറികളിൽ ലഭിക്കുന്ന പാൽ മികച്ച ഗുണനിലവാരമുള്ളവയാണെന്നും കമ്പനി വ്യക്തമാക്കി.
Discussion about this post