ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്നിവാസില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ലെഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന സത്യവാചകം ചൊല്ലികൊടുത്തു. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാളും മൂന്നാമത്തെ വനിതയുമാണ് അതിഷി.
അതിഷിയോട് ഒപ്പം ദളിത് മുഖമായ മുകേഷ് കുമാര്‍ അഹ്‌ലാവദും പുതിയമന്ത്രിയായി ചുമതലയേറ്റു. കെജ്‌രിവാള്‍ സര്‍ക്കാരിലെ മന്ത്രിമാരായ ഗോപാല്‍ റായ്, കൈലാഷ് ഗഹ്ലോത്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവര്‍ തുടരും. സെപ്തംബര്‍ 26-27 തീയതികളില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ 70 അംഗ നിയമസഭയില്‍ അതിഷി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം.
അരവിന്ദ് കെജ്‌രിവാൾ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ചൊവ്വാഴ്ച നടന്ന എഎപി നിയമസഭാ കക്ഷി യോഗത്തിൽ അതിഷിയെ നിയുക്ത മുഖ്യമന്ത്രിയായി ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അരവിന്ദ് കെജ്‌രിവാളിന്റെ രാജി.
Discussion about this post