ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ട്രെയിൻ മാർഗ്ഗം നേപ്പാളിലേക്ക് പോകുന്ന “ഭാരത് ഗൗരവ് ട്രെയിൻ” വെള്ളിയാഴ്ച ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു.
റെയിൽവേയിലൂടെ ഇന്ത്യൻ സംസ്കാരം അനുഭവിക്കാൻ ആളുകൾക്ക് അവസരം നൽകുന്നതിനായാണ് ഈ ട്രെയിനുകൾ അവതരിപ്പിച്ചത്, ഈ പ്രത്യേക ട്രെയിൻ അയോധ്യ, സീതാമർഹി, ജനക്പൂർ, കാശി വിശ്വനാഥ്, പശുപതിനാഥ് എന്നിവയുൾപ്പെടെ ഇന്ത്യയിലെയും നേപ്പാളിലെയും പ്രധാന ആത്മീയ കേന്ദ്രങ്ങൾ സന്ദർശിക്കും.
“ഭാരത് ഗൗരവ് യാത്രയുടെ രൂപത്തിൽ റെയിൽവേ വഴി ഇന്ത്യൻ സംസ്കാരം അനുഭവിക്കാൻ ആളുകളെ അനുവദിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻകൈയുടെ ഭാഗമായാണ് ഈ പദ്ധതി. ഇതിലൂടെ ഇന്ത്യയുടെയും നേപ്പാളിൻ്റെയും ഏറ്റവും മികച്ച സാംസ്കാരിക പൈതൃകം അനുഭവിക്കാൻ ഇപ്പോൾ സഞ്ചാരികൾക്ക് കഴിയും.
ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 2021 നവംബറിൽ “ദേഖോ അപ്നാ ദേശ്” പദ്ധതിക്ക് കീഴിലാണ് കേന്ദ്രസർക്കാർ “ഭാരത് ഗൗരവ് ട്രെയിനുകൾ” സംരംഭം ആരംഭിച്ചത് . ഈ തീം അധിഷ്‌ഠിത ട്രെയിനുകൾ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ഉയർത്തിക്കാട്ടാനും ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്കായി രാജ്യത്തെ സുപ്രധാന ചരിത്ര സ്ഥലങ്ങൾ പ്രദർശിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
2022 ജനുവരിയിലാണ്, ഇന്ത്യൻ റെയിൽവേയുടെ ‘ഭാരത് ഗൗരവ്’ പദ്ധതിക്ക് കീഴിലുള്ള ആദ്യത്തെ ട്രെയിൻ, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് മഹാരാഷ്ട്രയിലെ സായ്നഗർ ഷിർദിയിലേക്ക് പുറപ്പെട്ടത്.
Discussion about this post