ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ വൈകാതെ സാധ്യമാവും. ബുള്ളറ്റ് ട്രെയിൻ നിർമ്മിക്കുക പൊതുമേഖല സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമൽ) ആണ്. വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണവും ഈ സ്ഥാപനത്തിന് തന്നെയായിരുന്നു. ഇതിന് പിന്നാലെയാണ് ബുള്ളറ്റ് ട്രെയിൻ നിർമ്മാണത്തിലേക്ക് ബെമൽ കാലെടുത്ത് വയ്ക്കുന്നത്.
2026 ഓടെയാണ് ബുള്ളറ്റ് ട്രെയിൻ എന്ന സ്വപ്നം പൂവണിയുക. 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ അഹമ്മദാബാദ് ഇടനാഴിയിലൂടെയാകും ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുകയെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. 1964ൽ ബംഗളൂരുവിലാണ് ബെമൽ പ്രവർത്തനം ആരംഭിച്ചത്. റെയിൽവേ കോച്ചുകൾ മെട്രോ കോച്ചുകൾ, വന്ദേഭാരത് സ്ലിപ്പർ കോച്ചുകൾ, പ്രതിരോധ വാഹനങ്ങൾ എന്നിവയ്ക്ക് പുറമെ മൈനിംഗ് ആൻഡ് കൺസ്ട്രക്ഷൻ വാഹനങ്ങളും ബെമലിൽ നിർമിക്കുന്നുണ്ട്. 20,000 പാസഞ്ചർ കോച്ചുകൾ റെയിൽവേയ്ക്ക് ബെമൽ യൂണിറ്റുകൾ നിർമിച്ച് നൽകിയിട്ടുണ്ട്.
സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാണ് ഉദ്ഘാടന സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ബുള്ളറ്റ് ട്രെയിൻ കടലിനടിയിലൂടെയും കടന്നുപോകും. കടൽ തുരങ്കത്തിലൂടെ താനെയിൽ നിന്ന് മുംബൈയിലെത്തും. കടൽ തുരങ്കത്തിന്റെ പണി ആരംഭിച്ചുവെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴി നാഷ്ണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ എച്ച് എസ് ആർ സി ൽ ) നേതൃത്വത്തിലുള്ളതാണ് . 1.08 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ഇത്. 2017 സെപ്റ്റംബറിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. കേന്ദ്ര സർക്കാരിന്റെ 10,000 കോടി രൂപയും ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാരുകളിൽ നിന്ന് 5,000 കോടി രൂപ വീതവുമാണ് പദ്ധതി ചെലവിനായി വകയിരുത്തിയിട്ടുള്ളത്. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയിൽ നിന്ന് ബാക്കി തുക വായ്പയായി സ്വീകരിക്കും. ജപ്പാനിലെ ഷിൻകാൻസെൻ സാങ്കേതികവിദ്യയാണ് ബുള്ളറ്റ് ട്രെയിൻ സർവ്വീസിന് ഉപയോഗിക്കുന്നത്. 2050 ഓടെ നൂറോളം ബുള്ളറ്റ് ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. ഈ സർവീസുകൾ ലക്ഷ്യമാക്കി ജപ്പാനിൽ നിന്ന് കൂടുതൽ ബുള്ളറ്റ് ട്രെയിൻ വാങ്ങാനും തീരുമാനിച്ചിരുന്നു.
Discussion about this post