മുംബൈ : മഹാരാഷ്ട്രയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ബദ്‌ലാപൂർ പീഡനക്കേസിലെ പ്രതിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. താനെ ജില്ലയിലെ ബദ്‌ലാപൂരിലെ സ്‌കൂളിൽ രണ്ട് നഴ്‌സറി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ അക്ഷയ് ഷിൻഡെ ആണ് കൊല്ലപ്പെട്ടത്. ഇയാളെ തിങ്കളാഴ്ച തലോജ ജയിലിൽ നിന്ന് ബദ്‌ലാപൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
സ്വയം പ്രതിരോധിക്കാൻ ആയാണ് പൊലീസ് വെടിയുതിർത്തതെന്നാണ് വിഷയത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടത്. അന്വേഷണത്തിനായി കൊണ്ടുപോകുന്നതിനിടയിൽ പ്രതി പോലീസിൽ നിന്നും തോക്ക് തട്ടിയെടുക്കുകയും വെടിവെക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് പ്രതിക്ക് നേരെ വെടിയുതിർത്തത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പ്രതിയുടെ മുൻ ഭാര്യ ലൈംഗികാതിക്രമത്തിന് പരാതി നൽകിയിരുന്നു. ഈ കേസിൽ അന്വേഷണത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പോലീസിനെതിരെ ആക്രമണത്തിന് മുതിർന്നത്. സ്വയരക്ഷക്കാണ് തങ്ങൾ വെടിവെച്ചതെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
Discussion about this post