വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥ് (20) മരിച്ച സംഭവവുമായി ബന്ധപ്പട്ട് സസ്പെൻഷനിലായിരുന്ന രണ്ട് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു. മുൻ ഡീൻ എം.കെ. നാരായണൻ, മുൻ അസി.വാർഡൻ കാന്തനാഥൻ എന്നിവരെയാണ് സർവീസിൽ തിരിച്ചെടുത്തത്. ആറുമാസത്തെ സസ്പെൻഷൻ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ഇരുവരും സര്‍വീസില്‍ തിരികെ കയറിയത്.
തിരുവാഴംകുന്ന് കോളേജ് ഒഫ് ഏവിയൻ സയൻസസ് ആന്റ് മാനേജ്മെന്റിലാണ് രണ്ട് പേര്‍ക്കും നിയമനം നൽകിയിരിക്കുന്നത്. ജുഡീഷ്യൽ കമ്മിഷൻ്റെ റിപ്പോർട്ടിന്മേൽ ഇരുവരെയും മാതൃകാപരമായി ശിക്ഷിക്കണമെന്ന് വി.സി കെ എസ് അനിൽ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ഇരുവര്‍ക്കുമെതിരെ കൂടുതൽ നടപടി വേണമെന്ന് ചാൻസലർ ആരിഫ് മുഹമ്മദ് ഖാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും ഇത് എതിര്‍ത്തു.
ഇന്നലെ ചേർന്ന യോഗത്തിലാണ് ഇരുവരെയും സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനമായത്. ചാൻസലറുടെ റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കരുത് എന്ന ആവശ്യവുമായി ഡോ.കാന്തനാഥൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ തീർപ്പായിട്ടില്ല. ഹൈക്കോടതി നിലപാട് അറിഞ്ഞതിനു ശേഷം ബാക്കി നടപടി സ്വീകരിക്കാമെന്നാണ് മാനേജ്മെന്റ് കൗൺസിലിൻ്റെ നിലപാട്.
Discussion about this post