ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയ ലോറി അർജുന്റേതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വികാരനിർഭരനായി ലോറി ഉടമ മനാഫ്. അർജുന്റെ സഹോദരി ഭർത്താവ് ജിതിനും ലോറിയുടമയും അർജുന്റെ ലോറി കണ്ടെത്തുന്ന സമയത്ത് ദൗത്യസ്ഥലത്ത് ഉണ്ടായിരുന്നു. കണ്ണീരോടെയാണ് ഇരുവരും ആ നിമിഷത്തിന് സാക്ഷിയായത്. അർജുനെ ജീവനോടെ തിരിച്ചെത്തിക്കുമെന്ന് അവന്റെ അച്ഛന് വാക്ക് നൽകിയിരുന്നു എന്ന് മനാഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘പലരും ഇട്ടേച്ച് പോയി. എനിക്ക് പോകാൻ മനസ്സ് വന്നില്ല. ഞാൻ ആദ്യമേ പറയുന്നുണ്ട്. വണ്ടിക്കുള്ളിൽ അവൻ ഉണ്ടെന്ന്. അത് ഇപ്പോ എന്തായാലും ശരിയായി. ഇനി ഇപ്പോ അവനെ എടുക്കും. അവന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് ഉണ്ട്. കൊണ്ടുവരുമെന്ന്. ജീവനോടെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചത്. അത് കഴിഞ്ഞില്ല. ഇങ്ങനെയെങ്കിലും എത്തിക്കാൻ കഴിയുമല്ലോ…ഒരാൾ ഒരു കാര്യത്തിന് വേണ്ടി ഉറച്ച് നിന്നാൽ അത് സാധിക്കുമെന്നതിന്റെ തെളിവാണ് ഇത് . അവനെ ഈ ഗംഗാവലി പുഴയിൽ ഉപേക്ഷിച്ച് പോവാൻ തോന്നിയില്ല. ഒരു സാധാരണക്കാരൻ ചെയ്യാൻ പറ്റിന്നതെല്ലാം ഞങ്ങൾ ചെയ്തു.തോൽക്കാൻ മനസ്സില്ല. അവനെ കൊണ്ടുപോവൂ എന്ന് മനാഫ് പറഞ്ഞു.
എന്തുപറ്റിയാലും ഞാൻ അവന്റെ കൂടെ ഉണ്ടാവും എന്ന് അർജുന് ഒരു വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസത്തിന്റെ പുറത്താണ് താൻ ഇവിടെ ഇത്രയും ദിവസവും നിന്നത്. എത്രയും വേഗം നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിക്കണം. എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട.’- മനാഫ് കണ്ണീരോടെ കൂട്ടിച്ചേർത്തു.
അർജുൻ തിരിച്ച് വരില്ലെന്ന് എല്ലാവർക്കും അറിയായിരുന്നു. എന്നാലും ഒരു വലിയ ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരം കിട്ടിയിരിക്കുന്നത് എന്ന് സഹോദരി ഭർത്താവ് പറഞ്ഞു.
72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അർജുൻ ലോറിയിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പരിശോധനയില്ലാതെ ബന്ധുക്കൾക്ക് വിട്ട് നൽകുന്നത്.
Discussion about this post