ഷിരൂര്‍: ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തിയ മുങ്ങൽ വിദഗ്‌ധരുടെ സംഘത്തിൽ മലയാളിയും. കൊല്ലം സ്വദേശി ജോമോൻ ആണ് ഷിരൂരില്‍ ദൗത്യത്തിന്റെ ഭാഗമായത്. ദൗത്യം ദുഷ്കരമായിരുന്നുവെന്ന് ജോമോൻ പറയുന്നു.
മണ്ണും കല്ലും നിറഞ്ഞ സ്ഥലത്തായിരുന്നു അര്‍ജുന്റെ ലോറി കിടന്നിരുന്നത്. ഒരു ലാഡറിന്റെ ഭാഗം കണ്ടെത്തിയതിനെത്തുടർന്ന് അതേ പോയിന്റിൽ തിരച്ചിലും ഡ്രെഗ്‌ജിങ്ങും നടത്തുകയായിരുന്നു. 12 അടി താഴ്ചയിൽ ആയിരുന്നു ലോറി. ചരിഞ്ഞ് കിടക്കുന്ന രീതിയിലായിരുന്നു ലോറി കിടന്നിരുന്നത്.
ലോറിയുടെ ഫോട്ടോയില്‍ ബമ്പറിന്റെ ഭാഗത്ത് എഴുതിയിരുന്ന എഴുത്തും കളറും സാമ്യമുള്ളതായിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് ലഭിച്ചത് അർജുന്റെ ലോറി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. മണ്ണിടിച്ചിലിൽപ്പെട്ട ബാക്കി രണ്ട് പേർക്കായുള്ള തിരച്ചിലിനായി പുഴയില്‍ ഇറങ്ങാൻ പോകുകയാണെന്നും ജോമോൻ വ്യക്തമാക്കി.
രണ്ടുമാസത്തിലേറെയായി പലഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ജൂലൈ 16ന് രാവിലെ 8:45നുണ്ടായ മണ്ണിടിച്ചിലിലാണ് അർജുൻ ഉൾപ്പെടെ മൂന്നുപേരെ കാണാതായത്. അർജുന്റെ ലോറിക്കു പുറമേ മറ്റൊരു ടാങ്കറും കാണാതായിരുന്നു. ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിച്ചതോടെ ശനിയാഴ്ച രാവിലെയാണ് കാണാതായ അർജുനടക്കം മൂന്നുപേർക്കായുള്ള തിരച്ചിൽ ഗംഗാവലി പുഴയിൽ പുനരാരംഭിച്ചത്. കാണാതായ രണ്ട് പേർക്കുള്ള തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post