വാഷിംഗ്ടൺ; ഹെലൻ ചുഴലിക്കാറ്റ് ഇന്ന് കരതൊടാനിരിക്കെ അമേരിക്കയിൽ അതീവ ജാഗ്രതാ നിർദ്ദേശം. നിലവിൽ കാറ്റഗറി 1 വിഭാഗത്തിലുള്ള ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കാറ്റഗറി 4 ലേക്ക് മാറി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ.
അതിശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഇന്ന് രാവിലെ തന്നെ തീവ്രമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു വർഷത്തിനിടെ യു എസിൽ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി ഫ്‌ലോറിഡ തീരത്തേക്ക് ‘ഹെലൻ’ എത്തുന്നുവെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ പറയുന്നത്. ഫ്‌ലോറിഡയെ മാത്രമല്ല അമേരിക്കയുടെ തെക്കു കിഴക്ക് മേഖലയിൽ ‘ഹെലൻ’ വലിയ നാശം വിതയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഹെലൻ അപകടകാരിയാവാൻ സാധ്യതയുണ്ടെന്നും വെള്ളപ്പൊക്കമുണ്ടായേക്കാം എന്നും മുന്നറിയിപ്പുണ്ട്. ഫ്‌ലോറിഡയിലും തെക്ക് – കിഴക്കൻ യുഎസിലുമാണ് നാഷണൽ ഹരികെയിൻ സെൻറർ (എൻഎച്ച്‌സി) ജാഗ്രതാ നിർദേശം നൽകിയത്.കാറ്റിൻറെ വേഗം മണിക്കൂറിൽ 140 കിലോമീറ്ററാണെന്ന് എൻഎച്ച്‌സി അറിയിച്ചു കൊടുങ്കാറ്റ് കരയിൽ തൊടുന്നതിന് മുന്നോടിയായി ഫ്‌ലോറിഡ, ജോർജിയ, നോർത്ത് കരോലിന, സൗത്ത് കരോലിന, വിർജീനിയ എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post