സിഡ്‌നി: അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന പ്രേത സ്രാവിനെ ( ഗോസ്റ്റ് ഷാർക്ക് ) കണ്ടെത്തി ഗവേഷകർ. ന്യൂസിലാൻഡിലെ ആഴക്കടലിലാണ് ഇവയെ കണ്ടെത്തിയത്. ലോകത്ത് വംശനാശം നേരിടുന്ന ജീവിവർഗ്ഗങ്ങളിൽ ഒന്നാണ് നിരവധി സവിശേഷതകളുള്ള ഈ മത്സ്യം.
ന്യൂസിലാൻഡിന്റെ തീരത്ത് നിന്നും കിഴക്ക് മാറി ചതം റൈസിലാണ് പുതിയ മത്സ്യത്തെ കണ്ടെത്തിയത് എന്നാണ് വിവരം. ഇവിടെ ഗവേഷണം നടത്തുകയായിരുന്ന ഗവേഷകർക്ക് മുൻപിൽ ഇവ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി ചോക്ലേറ്റ് ബ്രൗൺ നിറം ആയിരുന്നു ഇവയ്ക്കുണ്ടായിരുന്നത്. പാൽ നിറത്തോട് കൂടിയ കണ്ണുകളും നീളമേറിയ വാലുകളും ഇവയ്ക്ക് ഉണ്ടായിരുന്നു. പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മാത്രം കാണുന്ന ഇത്തരം പ്രേത സ്രാവുകൾ ജലത്തിന്റെ ഉപരിതലത്തിലേക്ക് എത്താറുള്ളത് വളരെ അപൂർവ്വമായിട്ടാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
ചിമേരാസ് എന്ന ഇനം സ്രാവുകളെയാണ് സാധാരണയായി പ്രേത സ്രാവുകൾ എന്ന് അറിയപ്പെടാറുള്ളത്. മുദ്രോപരിതലത്തിൽ നിന്ന് ഏതാണ്ട് 67000 അടി താഴ്ചയിലാണ് ഇവ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. ന്യൂസിലാൻഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് അറ്റ്‌മോസ്‌ഫെറിക് റിസർച്ച് സംഘം നേരത്തെ പ്രേത സ്രാവുകളെ കണ്ടെത്തിയിരുന്നു. 2017ൽ കാലിഫോർണിയയുടെ തീരത്ത് ഗവേഷണം നടത്തുകയായിരുന്ന സംഘത്തിന് മുൻപിലും പ്രേത സ്രാവ് പ്രത്യക്ഷപ്പെട്ടിരുന്നു.
ഇവയുടെ ഭയപ്പെടുത്തുന്ന രൂപമാണ് പ്രേത സ്രാവുകൾ എന്ന പേര് ഇവയ്ക്ക് ലഭിക്കുന്നതിന് കാരണം ആയത്. പക്ഷികളുടെ ചുണ്ടിന് സമാനമായ വായയും വലിയ കണ്ണും പല്ലും ശൽക്കങ്ങൾ ഇല്ലാത്ത ശരീരവുമാണ് ഇവയക്കുള്ളത്. വലിയ കണ്ണുകളുണ്ടെങ്കിലും ഇവയ്ക്ക് കാഴ്ചശക്തി ഇല്ല. അതുകൊണ്ട് തന്നെ ശരീരത്തിലെ സെൻസറുകൾ ഉപയോഗിച്ചാണ് ഇവ ഇരതേടുന്നത്. ചെമ്മീനുകളും കക്കകളുമാണ് ഇവയുടെ പ്രധാന ആഹാരം.
Discussion about this post