നമ്മുടെ വീടിന്റെ പരിസരങ്ങളിലും തൊടിയിലുമെല്ലാം കാണപ്പെടുന്ന ഒന്നാണ് കടന്നലുകൾ. പലപ്പോഴും ഇവ ഉപദ്രവകാരികൾ ആകാറുണ്ട്. കടന്നലിന്റെ കുത്തേറ്റ് ജീവൻ നഷ്ടമായ നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ വീടിന്റെ പരിസരത്ത് കടന്നലുകളെ കണ്ടാൽ ഇവയെ പ്രതിരോധിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാറുണ്ട്.
ഒരേ സമയം ഒന്നോ രണ്ടോ തവണ കടന്നലുകൾ കുത്തുന്നത് കൊണ്ട് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാറില്ല. എന്നാൽ കടന്നൽ കൂട്ടമായി ആക്രമിക്കുന്നത് മരണത്തിന് കാരണം ആകും. കടന്നൽ കുത്തിയാൽ ആ ഭാഗത്ത് നീറ്റൽ, വേദന, നീര് വയ്ക്കൽ തുടങ്ങിയവയാണ് പൊതുവെ കാണാറുള്ളത്.
പാമ്പിന്റെ വിഷത്തിന്റെ പത്തിലൊന്ന് കടന്നലിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ കടന്നലിന്റെ കുത്തേറ്റാൽ അതിനെ നിസാരമായി കാണരുത്. കടന്നലുകളിൽ ഏറ്റവും അപകടകാരിയാണ് കാട്ട് കടന്നൽ. അതുകൊണ്ട് തന്നെ ഇവ കൂട്ടമായി ഇരിക്കാൻ സാദ്ധ്യതയുള്ള ഭാഗങ്ങളിൽ വളരെ സൂക്ഷിക്കണം. കടന്നൽ കുത്തേറ്റാൽ നമുക്ക് വീട്ടിൽ തന്നെ ചെറിയ പൊടിക്കൈകൾ ഉപയോഗിച്ച് വേദന അകറ്റാവുന്നതാണ്. അതേസമയം ചെറിയ രീതിയിലുള്ള കടന്നൽ കുത്തേറ്റാൽ മാത്രമേ ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കാവു.
കടന്നൽ കുത്തേറ്റ ഭാഗത്ത് ഐസ് വയ്ക്കുന്നത് നല്ലതായിരിക്കും. ഇത് വേദനയും നീരും കുറയ്ക്കാൻ സഹായിക്കും. തൊലിപ്പുറത്തെ ചുവപ്പ് നിറവും ഇല്ലാതെ ആക്കും. കടന്നലിന്റെ കുത്തേറ്റ ഭാഗത്ത് അതിന്റെ കൊമ്പുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കണം. കൊമ്പ് ഉണ്ടെങ്കിൽ അതിനെ ശ്രദ്ധയോടെ എടുത്ത് കളയുക. ഇത് ശരീരത്തിൽ ഇരിക്കുന്നത് പഴുപ്പിനും മറ്റ് പ്രശ്‌നങ്ങൾക്കും കാരണം ആകും. കടന്നൽ കുത്തിയ ഭാഗത്ത് തുളസിയും ശംഖുപുഷ്പത്തിന്റെ ഇലയും ചേർന്ന നീര് തേയ്ക്കാം. മഞ്ഞൾപ്പൊടി, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർത്തുള്ള മിശ്രിതം കുത്തേറ്റ ഭാഗത്ത് തേയ്ക്കുന്നത് നല്ലതാണ്. മഞ്ഞൾപ്പൊടിയും തുളസിയും നന്നായി അരച്ച് തേയ്ക്കുന്നതും നല്ലതാണ്.













Discussion about this post